rishabh-pant

വാങ്കഡെ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ചര്‍ച്ചയായി ഋഷഭ് പന്തിന്റെ പുറത്താകല്‍. 64 റണ്‍സ് എടുത്ത ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നിന്നത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്സിന്റെ 22ാം ഓവറില്‍ ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ച പന്തിന്റെ ശ്രമം പാളി. പാ‍ഡില്‍ തട്ടി പന്ത് ടോം ബ്ലന്‍ഡെലിന്റെ കൈകളിലേക്ക്. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിരുന്നോ എന്ന ചോദ്യമാണ് പന്തിന്റെ പുറത്താകലിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. 

29-5 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോഴാണ് ഋഷഭ് പന്ത് ഇന്ത്യയുടെ രക്ഷയ്ക്കെത്തുമെന്ന് തോന്നിച്ചത്. 57 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്ത് നില്‍ക്കെ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ പാഡില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ കൈക്കലാക്കി. ന്യൂസീലന്‍ഡ് ടീം ഒന്നടങ്കം അപ്പീല്‍ ചെയ്തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചില്ല. ഇതോടെ ന്യൂസീലന്‍ഡ് റിവ്യു എടുത്തു. റിപ്ലേയില്‍ സ്നികോ മീറ്ററില്‍ സ്പൈക്ക് കണ്ടതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ പന്തിന്റെ ബാറ്റും ഈ സമയം പാഡില്‍ ഹിറ്റ് ചെയ്തിരുന്നു. ഈ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും ന്യൂസീലന്‍ഡിന് അനുകൂലമായാണ് തേര്‍ഡ് അംപയറിന്റെ വിധി വന്നത്. 

പന്തിന്റെ ഔട്ടില്‍ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡിവില്ലിയേഴ്സുമെത്തി. സാങ്കേതിക വിദ്യയിലെ പരിമിതിയാണ് ഡിവില്ലിയേഴ്സ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. പന്ത് ബാറ്റിനരികിലൂടെ പോകുന്ന സമയം ബാറ്റ് പാഡില്‍ സ്പര്‍ശിച്ചാലും സ്നിക്കോയില്‍ അതിന്റെ പ്രതിഫലം കാണിക്കും. അവിടെ പന്തിന്റെ ബാറ്റില്‍ സ്പര്‍ശിച്ചു എന്നതിന് എന്താണ് ഉറപ്പ്? ഒരു വലിയ ടെസ്റ്റിന്റെ നിര്‍ണായകമായ സമയത്താണ് ഇങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നത്, ഡിവില്ലിയേഴ്സ് ട്വിറ്ററില്‍ കുറിച്ചു. 

ENGLISH SUMMARY:

New Zealand swept the three-Test series against India. Chasing a target of 147 runs in the fourth innings of the Wankhede Test, India were bowled out for 121 runs