ഫോട്ടോ: പിടിഐ

ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ന്യൂസീലന്‍ഡ്. വാങ്കെഡെ ടെസ്റ്റില്‍ നാലാം ഇന്നിങ്സില്‍ 147 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 121  റണ്‍സിന് ഓള്‍ഔട്ടായി. 64 റണ്‍സ് എടുത്ത ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. ഇന്ത്യന്‍ നിരയില്‍ സ്കോര്‍ രണ്ടക്കം കടത്തിയത് ഋഷഭ് പന്തിനെ കൂടാതെ രണ്ട് താരങ്ങള്‍ മാത്രം. പരമ്പരയിലെ മൂന്ന് ടെസ്റ്റും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് മേലും കരിനിഴല്‍ വീഴുകയാണ്. സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ തോല്‍വിയാണിത്.  

രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ 174 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ വാങ്കഡെയില്‍ ആശ്വാസ ജയം നേടുമെന്ന് പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റ് ഹെ​ന്‍​റി ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളിലെത്തിച്ചു. 11 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. നാലാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി അജാസ് പട്ടേല്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാല് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്താണ് ഗില്‍ മടങ്ങിയത്. അജാസിന്റെ ഡെലിവറി ലീവ് ചെയ്യാന്‍ ശ്രമിച്ച ഗില്ലിന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. പന്ത് സ്റ്റംപ് ഇളക്കിയതോടെ ഇന്ത്യ 16-2 എന്ന നിലയിലേക്ക് വീണു. 

ഏഴ് പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് മടങ്ങി വിരാട് കോലിയും നിരാശപ്പെടുത്തി. കോലിയേയും സര്‍ഫറാസ് ഖാനെയും രവീന്ദ്ര ജഡേജയേയും അജാസ് പട്ടേല്‍ ഡ്രസ്സിങ് റൂമിലേക്ക് വേഗത്തില്‍ തിരിച്ചയച്ചു. ഋഷഭ് പന്ത് ഒരുഭാഗത്ത് പിടിച്ചുനിന്നെങ്കിലും മറ്റൊരു ഇന്ത്യന്‍ താരവും പിന്തുണ നല്‍കിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ 12 റണ്‍സും അശ്വിന്‍ 29 പന്തില്‍ നിന്ന് 8 റണ്‍സ് എടുത്തും മടങ്ങി. ആകാശ് ദീപ് നേരിട്ട ആദ്യ പന്തില്‍ ഡക്കായതോടെ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീല വീണു. ഒപ്പം പരമ്പരയില്‍ നാണംകെട്ട തോല്‍വിയും. ആറ് വിക്കറ്റാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഗ്ലെന്‍ ഫിലിപ്സ് മൂന്ന് വിക്കറ്റും പിഴുതു. 

ENGLISH SUMMARY:

New Zealand swept the three-Test series against India. Chasing a target of 147 runs in the fourth innings of the Wankhede Test, India were bowled out for 121 runs.