വാങ്കഡെയില്‍ 147 റണ്‍സ് എന്ന വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ ജയം തേടി ബാറ്റിങിനിറങ്ങിയത്. 29 റണ്‍സിലേക്ക് എത്തിയപ്പോള്‍ ഇന്ത്യയുടെ 5 വിക്കറ്റുകളാണ് വീണത്. ഈ സമയം വാങ്കഡെയിലെ നാലാം ഇന്നിങ്സില്‍ ബാറ്റര്‍മാര്‍ക്ക് കാലിടറുന്ന ചരിത്രമാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തി എത്തുന്നത്.
വാങ്കഡെയില്‍ ഒരു ടീം ചെയ്സ് ചെയ്ത് നാലാം ഇന്നിങ്സില്‍ ജയിക്കുന്ന ഉയര്‍ന്ന സ്കോര്‍ 164 റണ്‍സ് ആണ്. 2000ലായിരുന്നു ഇത്. അന്ന് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയാണ് 164 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്ന് ജയിച്ചത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ഇതിന് മുന്‍പ് മറ്റൊരു ടീമും വാങ്കഡെയില്‍ നാലാം ഇന്നിങ്സില്‍ 100ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല.
1980ല്‍ ഇംഗ്ലണ്ട് വാങ്കഡെയില്‍ ഇന്ത്യക്കെതിരെ 98 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. നാലാം ഇന്നിങ്സില്‍ വാങ്കഡെയില്‍ ചെയ്സ് ചെയ്ത് ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ ഇതാണ്. 2004ല്‍ ഇന്ത്യക്കെതിരെ 107 റണ്‍സ് നാലാം ഇന്നിങ്സില്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ ഓസ്ട്രേലിയ 93 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.