ന്യൂസീലന്‍ഡിനെതിരായ പരമ്പര 3-0ന് നഷ്ടപ്പെട്ടതോടെ സ്പിന്‍ പിച്ച് ഒരുക്കി എതിരാളികളെ വീഴ്ത്താം എന്ന ഇന്ത്യന്‍ തന്ത്രമാണ് പൊളിയുന്നത്. ന്യൂസീലന്‍ഡിനെതിരെ ആറ് ഇന്നിങ്സില്‍ നിന്ന് 200ന് മുകളില്‍ സ്കോര്‍ ചെയ്ത ഇന്ത്യന്‍ ബാറ്റര്‍ ഋഷഭ് പന്ത് മാത്രം. 300ല്‍ കൂടുതല്‍ പന്തുകള്‍ നേരിട്ട് ക്രീസില്‍ നില്‍ക്കാന്‍ ശ്രമിച്ചത് യശസ്വി ജയ്സ്വാളും.
ന്യൂസീലന്‍ഡ് നിരയില്‍ മൂന്ന് ബാറ്റേഴ്സിന് മൂന്ന് ടെസ്റ്റില്‍ നിന്ന് 200ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. രചിന്‍ രവീന്ദ്ര 266 റണ്‍സ്, വില്‍ യങ് 244 റണ്‍സ്, ഡെവോണ്‍ കോണ്‍വേ 227 റണ്‍സ്. ഇന്ത്യന്‍ നിരയില്‍ 300 പന്തുകള്‍ നേരിട്ടത് യശസ്വി ജയ്സ്വാള്‍ മാത്രമെങ്കില്‍ മൂന്ന് ന്യൂസീലന്‍ഡ് താരങ്ങള്‍ക്ക് ഈ കടമ്പ കടന്നു.
ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് ഒഴികെ മറ്റ് ഇന്ത്യന്‍ ബാറ്റേഴ്സ് സ്പിന്നിനെ പ്രതിരോധിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. 133 ഡെലിവറികളാണ് ആറ് ഇന്നിങ്സിലായി രോഹിത് നേരിട്ടത്. കോലി നേരിട്ടത് 173 പന്തുകളും. ഇതില്‍ സ്പിന്നിനെ നേരിടുന്നതില്‍ കോലിക്ക് പിഴയ്ക്കുന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്.
2020ന് ശേഷം കോലി സ്പിന്നിനെതിരെ കളിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ കണക്കുകളില്‍ വ്യക്തമാണ്. 2013 മുതല്‍ 2019 വരെ എടുത്താല്‍ ഇന്ത്യന്‍ മണ്ണിലെ കോലിയുടെ ശരാശരി 72.45 ആണ്. ഇത് 32.86ലേക്ക് ഇപ്പോള്‍ വീണു. ഇടംകയ്യന്‍ സ്പിന്നര്‍ക്കെതിരേയും കോലി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 2020 മുതലുള്ള കണക്കുകളെടുത്താല്‍ 58 വട്ടം കോലിയുടെ വിക്കറ്റ് വീണതില്‍ 12 വട്ടവും സ്വന്തമാക്കിയത് ഇടംകയ്യന്‍ സ്പിന്നര്‍മാരാണ്. ശരാശരി 20.41 മാത്രം.
ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷം ആദ്യം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിത് 500 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ സ്വന്തമാക്കാനായത് 91 റണ്‍സ് മാത്രം. അഗ്രസീവ് ബാറ്റിങ് ശൈലി ടെസ്റ്റിലും തുടരുന്ന രോഹിത്തിന് സ്കോര്‍ ഉയര്‍ത്താനാവുന്നില്ല.
അഞ്ച് സ്പിന്നര്‍മാരുമായാണ് ന്യൂസീലന്‍ഡ് ഇന്ത്യയിലേക്ക് വന്നത്. ഈ അഞ്ച് പേരും ചേര്‍ന്ന് ടെസ്റ്റില്‍ നേടിയത് 213 വിക്കറ്റ്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ മാത്രം എടുത്താല്‍ 500 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിന് 3-0ന് പരമ്പര സ്വന്തമാക്കാന്‍ രണ്ട് ഇടംകയ്യന്‍ സ്പിന്നര്‍മാരേയും ഒരു പാര്‍ട് ടൈം ഓഫ് സ്പിന്നറേയും മതിയായിരുന്നു.