ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരം രോഹിത് കളിക്കുന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് താരത്തെ മാറ്റണണെന്ന് സുനില്‍ ഗാവസ്കര്‍. നവംബര്‍ 22നാണ് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ ആരംഭിക്കുന്നത്. പെര്‍ത്ത് ടെസ്റ്റില്‍ താനുണ്ടാവാന്‍ സാധ്യതയില്ലെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റനായ ബുമ്രയെ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ക്യാപ്റ്റനാക്കണമെന്നാണ് ഗാവസ്കറുടെ പക്ഷം.
ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റ് കളിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പരുക്കാണ് എങ്കില്‍ അങ്ങനെ കരുതാം. എന്നാല്‍ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാകുകയാണ് എങ്കില്‍ അത് വൈസ് ക്യാപ്റ്റനില്‍ ഒരുപാട് സമ്മര്‍ദം നിറയ്ക്കും. ഓസ്ട്രേലിയയില്‍ രോഹിത് ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിക്കില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്, സുനില്‍ ഗാവസ്കര്‍ പറഞ്ഞു.
രോഹിത് ആദ്യ രണ്ട് ടെസ്റ്റ് ഒഴിവാക്കിയാല്‍ മുഴുവന്‍ പര്യടനത്തിലെ ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കണം. രോഹിത് കളിക്കാരന്‍ എന്ന നിലയില്‍ മറ്റ് മത്സരങ്ങള്‍ കളിക്കട്ടെ. അതല്ലെങ്കില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ രോഹിത് ശര്‍മ അവിടെ ഉണ്ടാവണം, ഗാവസ്കര്‍ പറയുന്നു. എന്നാല്‍ ഗാവസ്കറിന്‍റെ ഈ അഭിപ്രായത്തെ തള്ളി ഒട്ടേറ പ്രതികരണങ്ങളാണ് വരുന്നത്.
കുടുംബത്തിനൊപ്പം സമയം ചിലവിടാന്‍ രോഹിത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കണം എന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. കുഞ്ഞ് ജനിക്കുന്ന സമയത്ത് രോഹിത് അവിടെയുണ്ടാവണം എന്ന് ആഗ്രഹിച്ചാല്‍ അതില്‍ തെറ്റ് പറയാനാവില്ല. അതൊരു മനോഹര നിമിഷമാണ്. അതിന് വേണ്ടുവോളം സമയം എടുക്കാന്‍ രോഹിത് അര്‍ഹനാണ് എന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.