ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്‍റി20യിൽ നിറഞ്ഞു കളിച്ചത് സഞ്ജു സാംസൺ തന്നെയാണ്. ട്വന്‍റി20യിലെ തുടർച്ചയായ രണ്ടാം സെഞ്ചറി നേടിയ സഞ്ജുവിന്‍റെ ഇന്നിങ്സിന്‍റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 203 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ പടുത്തുയർത്തിയത്. 47 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്‍റി20 രാജ്യാന്തര കരിയറിലെ രണ്ടാം സെഞ്ചറിയിലെത്തിയത്.
പത്തു സിക്സുകളും ഏഴു ഫോറുകളുമാണു സഞ്ജു അടിച്ചുകൂട്ടിയത്. സെഞ്ചുറിക്ക് പിന്നാലെ 107 റൺസുമായി സഞ്ജു പുറത്തായി. സിക്സറിനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിനരികെ നിന്നുള്ള ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ ക്യാച്ചിലാണ് സഞ്ജു പുറത്തായത്. സഞ്ജുവിനെ പുറത്താക്കിയ ബൗളർക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകർ.
Nqabayomzi എന്ന പേര് എങ്ങനെ ഉച്ചരിക്കുമെന്നതാണ് ആരാധകരെ കുഴപ്പത്തിലാക്കുന്നത്. പേരിന്റെ രണ്ടാം ഭാഗത്ത് പീറ്റർ എന്നുണ്ടെങ്കിലും ടെലിവിഷൻ സ്ക്രീനിലടക്കം എഴുതി കാണിച്ചത് Nqabayomzi എന്നാണ്. ഇതോടെ ഈ പേരിന്‍റെ ഉച്ചാരാണമായി ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ച. പല ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ഈ ട്രോളുകൾക്ക് താഴെ രസകരമായ പേരുകളും ഉത്തരവുമായി പലരും കമന്‍റ് ചെയ്യുന്നുണ്ട്. തൽക്കാലം നമുക്കവനെ പാഞ്ചി എന്ന് വിളിക്കാം.., അവസാനം ഒരു പീറ്റർ ഉണ്ട് തത്കാലം പീറ്റർ എന്ന് വിളിക്കാം..., ലവന്റെ പേര് വായിക്കാൻ ശ്രമിക്കുന്നതൊരു ഒന്നാന്തരം ടാസ്ക്കാണ്...., N. പീറ്റർ എന്നു അങ്ങ് വിളിച്ചാൽ മതി..., ങ്കബായോംസി പീറ്റർ..., നീ പേര് കണ്ട് പിടിക്ക്.... ഞാൻ സെഞ്ച്വറി ആഘോഷിക്കട്ടെ.. എന്നിങ്ങനെയാണ് രസകരമായ പല കമന്റുകളും. Q സൈലന്റ്, നബയോംസി പീറ്റർ എന്നാണ് ട്രോൾ ക്രിക്കറ്റ് മലയാളത്തിന് താഴെ വന്ന കമന്‍റ്.
താരത്തിന്‍റെ പേരിന്‍റെ ശരിക്കുമുള്ള ഉച്ചാരണം നബയോംസി പീറ്റർ എന്നാണ്. പല ക്രിക്കറ്റ് കമന്‍ററികളിലും പേര് ഉച്ചരിക്കുന്നത് നബയോംസി പീറ്റർ എന്നാണ്. താരം തന്‍റെ സ്വയം പരിചയപ്പെടുത്തുന്നൊരു വിഡിയോയിലും ഉച്ചാരണം നബയോംസി പീറ്റർ എന്നാണ്. 22 കാരനായ നബയോംസി പീറ്റർ ഈ വർഷമാണ് ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറുന്നത്.
2024 മേയ് 25 ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരമായിരുന്നു നബയോംസിയുടെ ആദ്യ മത്സരം. സെപ്റ്റംബറിലെ അഫ്ഗാനിസ്ഥാൻ പര്യടനത്തിലാണ് ഏകദിന മത്സരത്തിലെ അരങ്ങേറ്റം. അഞ്ച് ട്വൻറി 20യിൽ നിന്നായി അഞ്ച് വിക്കറ്റും രണ്ട് ഏകദിനങ്ങളിൽ നിന്നായി മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്.