ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി 20യിൽ ഇന്ത്യൻ ഇന്നിങ്സ് 124 റൺസിൽ അവസാനിച്ചു. ഓപ്പണിങ് പിഴച്ച ഇന്ത്യയെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനമാണ് 100 റണ്‍സ് കടത്തിച്ചത്. ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 124 റൺസിലെത്തിയത്. 45 പന്തിൽ 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ മൂന്ന് പേർ മാത്രമാണ് 20 റൺസിന് മുകളിൽ സ്കോർ ചെയ്തത്. തിലക് വർമ 20 റൺസും അക്സർ പട്ടേൽ 27 റൺസും നേടി.
ആദ്യ മത്സരത്തിൽ സെഞ്ചറി പ്രകടനം നടത്തിയ സഞ്ജു റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ആദ്യ ഓവറിൽ മാർക്കോ ജാൻസെന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. മൂന്നാം പന്തിൽ സ്പേസ് എടുത്ത് ഷോട്ടിന് ശ്രമിച്ച സഞ്ജുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് ലെഗ് സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. ആദ്യ ഓവർ മെയ്ഡിൻ വിക്കറ്റോടെയാണ് ജാൻസെൻ പൂർത്തിയാക്കിയത്.
രണ്ടാം ഓവറിലാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നഷ്ടം. ബൗണ്ടറിയോടെ സ്കോർ ബോർഡ് ചലിപ്പിച്ച അഭിഷേക് ശർമയെയാണ് നഷ്ടമായത്.
ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച അഭിഷേക് ശർമ മാർക്കോ ജാൻസെന്‍റെ കയ്യിൽ അവസാനിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വിക്കറ്റാണ് അവസാനമായി നഷ്ടമായത്. നാലു റൺസെടുത്ത സൂര്യകുമാർ യാദവ് സിമെലന്‍റെ പന്തിൽ എൽബിഡബ്യു ആവുകയായിരുന്നു.
ഡേവിഡ് മില്ലറുടെ മികച്ച ക്യാച്ചിലൂടെയാണ് തിലക് വർമ പുറത്തായത്. അക്സർ പട്ടേൽ റണ്ണൗട്ടായതോടെ 70-5 എന്ന നിലയിലേക്ക് വീണതിടത്ത് നിന്നാണ് ഹർദിക്കിന്‍റെ രക്ഷാപ്രവർത്തനം. നാല് ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതാണ് ഹർദിക്കിന്‍റെ ഇന്നിങ്സ്.
മത്സരത്തിൽ ആകെ പിറന്നത് മൂന്ന് സിക്സ് മാത്രമാണ്. തിലക് വർമയും ഹാർദികും അര്‍ഷദീപും ഓരോ സിക്സർ വീതം നേടി. ഒന്‍പത് റണ്‍സ് നേടിയ റിങ്കു സിങിന്‍റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.
നബയോംസി പീറ്റർ, മാർകോം ജാൻസെൻ, ജെറാൾഡ് കോട്സി, ആൻഡിലെ സിമെലൻ, ഐഡൻ മാർക്രം എന്നിവർ ദക്ഷിണാഫ്രിക്കയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി.