ലക്നൗ സൂപ്പര്‍ ജയന്‍റ്സുമായി പിരിയാനുള്ള കാരണം ഒടുവില്‍ പരസ്യമാക്കി കെ.എല്‍ രാഹുല്‍. സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ കഴിയുന്ന സ്ഥലമാണ് തന്‍റെ സ്വപ്നമെന്നും കുറച്ച് കൂടി ശാന്തവും സൗഹാര്‍ദപരമായ ടീം അന്തരീക്ഷമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും രാഹുല്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കി. 'ആദ്യം മുതല്‍ എല്ലാം ആരംഭിക്കണം. അവസരങ്ങള്‍ കുറച്ച് കൂടി ലഭിക്കുകയും മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് സാധ്യമാകുകയും ചെയ്യുന്ന ഇടത്ത് കളിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും ചിലപ്പോഴൊക്കെ നിങ്ങളുടെ നല്ലതിന് വേണ്ടി നിങ്ങള്‍ പരിശ്രമിക്കാതിരിക്കാനാവില്ലെ'ന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കുറച്ച് കാലമായി താന്‍ ട്വന്‍റി 20 ടീമില്‍ നിന്നും പുറത്താണ്. കളിക്കാരനെന്ന നിലയില്‍ എവിടെയാണ് ഇപ്പോഴത്തെ സ്ഥാനമെന്ന് അറിയാമെന്നും ടീമിലേക്ക് മടങ്ങിയെത്തുന്നതിനാണ് മുഴുവന്‍ ശ്രദ്ധയും നല്‍കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ഐപിഎല്ലില്‍ ആസ്വദിച്ച് കളിക്കാനും തന്‍റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും പര്യാപ്മെന്ന് തോന്നുന്ന ടീമിലാകും ഉണ്ടാവുകയെന്നും താരം പറയുന്നു. മെച്ചപ്പെടണമെന്ന ചിന്തയാണ് ലേലത്തിലേക്ക് എത്തുകയെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നും രാഹുല്‍ വിശദീകരിക്കുന്നു.
പെര്‍ത്തില്‍ നവംബര്‍ 22നാരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയിലേക്കുള്ള ടീമില്‍ രാഹുലുണ്ട്. രോഹിത് കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്ത സ്ഥിതിക്ക് യശസ്വിക്കൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്തേക്കുമെന്നാണ് കരുതുന്നത്.
2020 ലെ ട്വന്‍റി20 ലോകകപ്പിന് ശേഷം ഹ്രസ്വ ഫോര്‍മാറ്റില്‍ രാഹുല്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. 72 ട്വന്‍റി 20കളില്‍ നിന്നായി 2265 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. 22 അര്‍ധ സെഞ്ചറികളും രണ്ട് സെഞ്ചറികളുമടങ്ങുന്നതാണിത്. 2022 മുതല്‍ 2024 വരെയുള്ള ഐപിഎല്‍ സീസണില്‍ ലക്ന വിന്‍റെ ക്യാപ്റ്റനായിരുന്നു. 2022 ലും 2023ലും രാഹുലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ടീം പ്ലേഓഫിലെത്തുകയും ചെയ്തിരുന്നു. 1410 റണ്‍സാണ് മൂന്ന് സീസണിലുമായി താരം ലക്നൗവിനായി നേടിയത്. നംവബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കുന്ന ലേലത്തില്‍ രാഹുല്‍ ഏത് ടീമിലേക്ക് എത്തുമെന്ന് അറിയാം.