ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് രോഹിത് ശര്‍മ കളിക്കണം എന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് നാട്ടിലായതിനാല്‍ രോഹിത് പെര്‍ത്ത് ടെസ്റ്റ് കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. രോഹിത്തിന്റെ സ്ഥാനത്ത് താന്‍ ആയിരുന്നു എങ്കില്‍ പെര്‍ത്ത് ടെസ്റ്റ് കളിക്കും എന്നാണ് ഗാംഗുലിയുടെ വാക്കുകള്‍.
ആദ്യ ടെസ്റ്റ് മുതല്‍ ക്യാപ്റ്റനെ ടീമിന് വേണം എന്നതിനാല്‍ രോഹിത് ഓസ്ട്രേലിയയിലേക്ക് പോകും എന്നാണ് ഞാന്‍ കരുതുന്നത്. രോഹിത്തിന് ആണ്‍കുഞ്ഞ് പിറന്നത് ഞാന്‍ അറിഞ്ഞു. ഇനി എത്രയും പെട്ടെന്ന് രോഹിത് ഓസ്ട്രേലിയയിലേക്ക് പോകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്ത് എങ്കില്‍ ആദ്യ ടെസ്റ്റ് ഉറപ്പായും കളിക്കുമായിരുന്നു, ഗാംഗുലി പറയുന്നു.
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി പ്രാധാന്യം അര്‍ഹിക്കുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റിന് ഇനിയും ഒരാഴ്ചയുണ്ട്. മികച്ച ക്യാപ്റ്റനാണ് രോഹിത്. രോഹിത്തിന്റെ നായകത്വം ഇന്ത്യക്ക് വേണ്ടതുണ്ട് എന്നും ഗാംഗുലി പറയുന്നു. പരിശീലന മത്സരത്തിന് ഇടയില്‍ പരുക്കേറ്റ് ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റ് നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് കളിക്കാനെത്തിയാല്‍ അത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നല്‍കും.