19-ാം വയസിൽ ഇന്ത്യയ്ക്കെതിരെ ബോർഡർ ഗവാസ്ക്കർ ട്രോഫിയിലെ അരങ്ങേറ്റവും വിരാട് കോലിക്കെതിരായ ഏറ്റുമുട്ടലും രാവിലെ മുതൽ സാം കോൺസ്റ്റാസിനെ ട്രെൻഡിങാക്കിയിരുന്നു. കോലിയുടെ ചൂടാകലൊന്നും ഓസീസ് പയ്യനെ തണുപ്പിച്ചില്ലെന്ന് കാണിക്കുന്ന മനോഹര ഇന്നിങ്സാണ് ബാറ്റിൽ നിന്നുണ്ടായത്. അരങ്ങേറ്റ മത്സരത്തിൽ ഓപ്പണിങിൽ അർധ സെഞ്ചറി നേടിയാണ് സാം കോൺസ്റ്റാസ് പുറത്തായത്.
52 പന്തിൽ അർധ സെഞ്ചറി നേടിയ ശേഷം ജഴ്സിയിലെ ഓസീസ് ലോഗോയ്ക്ക് നേരെ ബാറ്റ് ചേർത്തായിരുന്നു കോൺസ്റ്റാസിന്റെ ആഘോഷം. 65 പന്തിൽ 60 റൺസെടുത്ത താരത്തെ രവീന്ദ്ര ജഡേജ എൽബിഡബ്ലുയാക്കുകയായിരുന്നു. ഇതിനിടയിൽ രണ്ട് സിക്സറും ആറു ഫോറും സാം കോൺസ്റ്റാസ് അടിച്ചെടുത്തി. ഇന്ത്യയുടെ സൂപ്പർ ബൗളറായ ജസ്പ്രീത് ബുംറയ്ക്കെതിരെ റിവേഴ്സ് സ്കൂപ്പിൽ സിക്സർ പറത്തിയതും ഇതിൽ ഉൾപ്പെടും.
ആറാം ഓവറിലെ ആദ്യ പന്തിൽ ബുംറയ്ക്കെതിരെ ഫോർ. തൊട്ടടുത്ത പന്തിൽ സിക്സർ. 2021 ന് ശേഷം ആദ്യമായാണ് ബുംറ ടെസ്റ്റിൽ സിക്സർ വഴങ്ങുന്നത്. 4484 പന്തുകൾക്ക് ശേഷം, അതായത് 740 ഓവറുകൾക്ക് മുൻപാണ് ബുംറ ഒരു സിക്സർ വഴങ്ങിയത്. സാം കോൺസ്റ്റാസിനെതിരായ ബുംറയുടെ അവസാന രണ്ട് ഓവറുകളിൽ 14, 18 റൺസ് വീതമാണ് വഴങ്ങിയത്.
കോലിയുമായുള്ള കൂട്ടിയിടിയാണ് താരത്തെ ആദ്യം വാർത്തയിലെത്തിച്ചത്. മത്സരത്തിന്റെ പത്താം ഓവറിൽ ഇരുവരും പരസ്പരം തോളിൽ ഇടിക്കുകയായിരുന്നു. ശേഷം ഓസീസ് താരത്തോട് വിരാട് കോലി ചൂടായി. കോലി കോൺസ്റ്റാസിനെ മറികടന്ന് നടന്നു പോകുന്നതിനിടെ താരത്തിൻറെ ഷോർഡറിൽ ഇടിക്കുകയായിരുന്നു. പ്രകോപിതനായ കോൺസ്റ്റസ് കോലിക്ക് നേരെ തിരിയുകയായിരുന്നു. ഓപ്പണർ ഉസ്മാൻ ഖവാജയും അംപയറും വിഷയത്തിൽ ഇടപെടുകയായിരുന്നു.
മത്സര ശേഷം കോലിയുമായുള്ള കൂട്ടിയിടിയെ പറ്റിയും സാം കോൺസ്റ്റാസ് സംസാരിച്ചു. രണ്ടുപേരും ചൂടായി. ഞാനെന്റെ ഗ്ലൗസ് ശരിയാക്കുന്നതിനിടെയായിരുന്നു എന്റെ ഷോൽഡറിൽ ചെറിയ ഇടിയുണ്ടാകുന്നത്. ഇത് ക്രിക്കറ്റിൽ സംഭവിക്കുന്നതാണ് എന്നാണ് കോൺസ്റ്റാസ് പ്രതികരിച്ചത്.