ബോർഡർ ഗവാസ്കർ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ കാര്യമായ മാറ്റത്തിനാണ് ടീം ഒരുങ്ങുന്നത്. രണ്ട് മത്സരത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയുടെ ഓപ്പണിങിലേക്ക് തിരികെ എത്തിയേക്കും. നാലാം ടെസ്റ്റിൽ യശ്സ്വി ജയ്സ്വാളിനൊപ്പം ഇന്നിങിസ് ഓപ്പൺ ചെയ്യുക രോഹിത് ശർമയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി.
ആദ്യ മൂന്ന് ടെസ്റ്റിലും ഇന്നിങ്സ് ഓപ്പൺ ചെയ്ത കെഎൽ രാഹുൽ മൂന്നാമനായി ഇറങ്ങും. നേരത്തെ മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മൻ ഗിൽ ഒന്നുകിൽ താഴെ ഓർഡറിൽ ബാറ്റിങിനിറങ്ങും. അല്ലെങ്കിൽ പുറത്തിരിക്കും.
ഗില്ല് കളിക്കുകയും ഇന്ത്യ അധിക സ്പിന്നറെ കളിപ്പിക്കുകയും ചെയ്യാൻ തീരുമാനിച്ചാൽ ടീമിൽ വലിയ മാറ്റമുണ്ടാകും. ആര് എവിടെ ബാറ്റ് ചെയ്യും എന്നതിനെ പറ്റി വിഷമിക്കേണ്ടതില്ല എന്നാണ് രോഹിത് ശർമ ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ബൗളിങിലേക്ക് നോക്കിയാൽ മെൽബണിൽ വാഷിങ്ടൺ സുന്ദർ ടീമിലേക്ക് എത്തുമെന്ന സൂചനകളുണ്ട്. രവീന്ദ്ര ജഡേജയ്ക്കൊപ്പം രണ്ടാമതൊരു സ്പിന്നറെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ഇവിടെ പകരക്കാരനാകുന്നത് ഓൾറൗണ്ടർ നിതിഷ് കുമാർ റെഡ്ഡിയോ, ആകാശ് ദീപോ ആയിരിക്കും. സീരിസിൽ ഇന്ത്യയ്ക്കായി സ്ഥിരതയോടെ ബാറ്റ് ചെയ്ത താരമാണ് നിതീഷ്.
നിതീഷ് കുമാർ റെഡ്ഡിയെ ടീം മാനേജ്‌മെൻ്റ് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ ആവശ്യപ്പെട്ടിരുന്നു. മെൽബണിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ രവീന്ദ്ര ജഡേജയെ ബാറ്റിംഗ് ഓൾറൗണ്ടറായി തിരഞ്ഞെടുത്താൽ ഇന്ത്യക്ക് മെച്ചപ്പെടുത്താനാകുമെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. എന്നാൽ ഗില്ലിനെ പുറത്തിരുത്തി പകരം നിതീഷ് കുമാറിനെ ഉൾപ്പെടുത്താനുള്ള സാധ്യതയും ടീമിലുണ്ട്.
സീരിസിൽ ബാറ്റിങിൽ ഗിൽ നിരാശപ്പെടുത്തിയിരുന്നു. ഓൾറൗണ്ടറായ നിതീഷ് അഞ്ച് ഇന്നിങിസിൽ നിന്നായി 179 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആറാം നമ്പറിൽ സ്ഥിരതയോടെ പ്രകടനം നടത്തിയ താരമെന്നതാണ് നിതീഷ് കുമാറിനുള്ള നേട്ടം.
മെൽബണിൽ നാഥൻ ലിയോൺ നിർണായക പങ്കുവഹിക്കുമെന്നാണ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസൻ പറഞ്ഞത്. എന്നാൽ ഇന്ത്യൻ തന്ത്രത്തെ പറ്റി രോഹിത് ശർമ കൃത്യമായ വെളിപ്പെടുത്തിയില്ല. സാഹചര്യങ്ങൾക്കനുയോജ്യമായി മികച്ച ഇലവനെ കളിക്കാൻ വേണ്ടതെന്നും ചെയ്യും എന്നാണ് രോഹിത് ശർമ പറഞ്ഞത്. നിലവിൽ 1-1 സമനിലയിലുള്ള സീരിസിൽ മുന്നിലെത്താനുള്ള അവസരമാണ് ടീമുകൾക്ക് ബോക്സിങ് ഡേ ടെസ്റ്റ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിമുതലാണ് മത്സരം.
ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.