പേസര്‍മാര്‍ എറിഞ്ഞു കളിച്ച പെര്‍ത്ത് ടെസ്റ്റിന്‍റെ രണ്ടാം ദിനം നിറഞ്ഞു നിന്നത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിങാണ്. ഓസീസിനെ എറിഞ്ഞിട്ട ശേഷം രണ്ടാം ഇന്നിങ്സില്‍ ബാറ്റെടുത്ത ഇന്ത്യ പക്വതയോടെ ബാറ്റ് ചെയ്തു. ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം രാവിലത്തെ സെഷനില്‍ തന്നെ ഓസീസിന് 104 റണ്‍സിന് പുറത്താക്കിയിരുന്നു.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സെടുത്തിട്ടുണ്ട്. 90 റണ്‍സെടുത്ത യശ്വസി ജയ്സ്വാളും 62 റണ്‍സെടുത്ത കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പ്രകടനം എത്രകണ്ട് മികച്ചതാണെന്ന് അറിയാന്‍ ഈയൊരു അഭിനന്ദനം മതിയാകും. മത്സരശേഷം മൈതാനും വിടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരെ സല്യൂട്ടടിച്ചാണ് വിരാട് കോലി സ്വീകരിച്ചത്.
ബാറ്റിംഗ് പരിശീലന സെഷനായ മൈതാനത്തുണ്ടായിരുന്ന കോലി കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും സല്യൂട്ട് നൽകുകയായിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ ബലത്തില്‍ 218 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്.
സെഞ്ചറിയന്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നത് ഒരു റെക്കോര്‍ഡാണ്. 2004 ജനുവരിക്ക് ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഓപ്പണിങില്‍ സെഞ്ചറി കൂട്ടുകെട്ട് പിറക്കുന്നത്. ആകാശ് ചോപ്രയും വിരേന്ദ്ര സെവാഗും ചേര്‍ന്ന് സിഡ്നിയില്‍ നേടിയ 123 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇതിന് മുന്‍പത്തേത്.
ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ആറാമത്തെ സെഞ്ചറി കൂട്ടുകെട്ടാണിത്.സുനില്‍ ഗവാസ്ക്കര്‍– ക്രിസ് ശ്രീകാന്ത് എന്നിവരുടെ 191 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാണ് ഏറ്റവും വലിയ കൂട്ടുകെട്ട്.
ഇതോടൊപ്പം യശ്വസി ജയ്സ്വാള്‍ സ്വന്തം പേരില്‍ മറ്റൊരു റെക്കോര്‍ഡും അടിച്ചെടുത്തു. കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് യശ്വസി സ്വന്തം പേരിലാക്കി. രണ്ട് സിക്സാണ് രണ്ടാം ഇന്നിങ്സില്‍ യശ്വസി നേടിയത്. ഇതോടെയാണ് ന്യൂസിലാന്‍ഡിന്‍റെ ബ്രണ്ടം മക്കല്ലത്തിന്‍റെ 33 സിക്സര്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയായത്.