16 മാസത്തെ സെഞ്ചറി വരള്‍ച്ചയ്ക്കാണ് വിരാട് കോലി പെര്‍ത്തില്‍ അന്ത്യം കുറിച്ചത്. ലാബുഷാഗ്നെയെ ബൗണ്ടറിയടിച്ച് കരിയറിലെ 30-ാം ടെസ്റ്റ് സെഞ്ചറി കുറിച്ച വിരാട് കോലി പെര്‍ത്തില്‍ നിന്നും വാരിയത് നിരവധി റെക്കോര്‍ഡുകളുമാണ്. ഓസ്ട്രേലിയന്‍ ലെജന്‍ഡ് ഡൊണാൾഡ് ബ്രാഡ്മാനെയും ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കരെയും കോലി മറികടന്നു. 

കരിയറിലെ 30-ാം ടെസ്റ്റ് സെഞ്ചറി നേടിയ കോലി ബ്രാഡ്മാന്‍റെ 29 ടെസ്റ്റ് സെഞ്ചറി എന്ന റെക്കോര്‍ഡ് മറികടന്നു. 49 സെഞ്ചറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഈ പട്ടകിയില്‍ മുന്നിലുള്ളത്. 30 സെഞ്ചറി നേടിയതോടെ ഇന്ത്യന്‍ താരങ്ങളില്‍ രാഹുല്‍ ദ്രാവിഡിനും (36) സുനില്‍ ഗവാസ്കറി (34) പിന്നിലാണ് വിരാട് കോലി. ആകെ 81 സെഞ്ചറികളാണ് വിരാട് കോലി ഇതുവരെ നേടിയത്. 

ഓസ്ട്രേലിയയില്‍ കോലിയുടെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. ഓസീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറിയുള്ള ഇന്ത്യന്‍ താരമെന്ന സച്ചിന്‍റെ ആറു സെഞ്ചറികളുടെ റെക്കോര്‍ഡ് കോലി മറികടന്നു. വിദേശ താരങ്ങളില്‍ ഇംഗ്ലണ്ട് താരം ജാക്ക് ഹോബ്സാണ് ഒന്‍പത് സെഞ്ചറിയുമായി മുന്നില്‍. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സച്ചിനും വിരാട് കോലിയും ഒന്‍പത് സെഞ്ചറിയുമായ ഒപ്പത്തിനൊപ്പമാണ്. എല്ലാ ഫോര്‍മാറ്റിലുമായി ഓസ്ട്രേലിയയില്‍ വിരാട് കോലി ഇതിനകം പത്ത് സെഞ്ചറി നേടികഴിഞ്ഞു.

ദുഷ്കര സമയത്ത് ഭാര്യയുടെ പിന്തുണയെ പറ്റിയും കോലി മത്സര ശേഷം ഫോക്സ് ന്യൂസിനോട് സംസാരിച്ചു. കളത്തിന് പിന്നില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അവൾക്കറിയാം, നന്നായി കളിക്കാത്ത സമയം എന്താണ് സംഭവിക്കുന്നതെന്ന് അവൾക്കറിയാം. ഏറ്റവും ദുഷ്കരമായ സമയത്തും അനുഷ്ക എന്നോടൊപ്പമുണ്ടായിരുന്നു. സെഞ്ചറിക്കായി കളിക്കുന്ന ആളല്ല. ടീമിന് വേണ്ടിയാണ് കളിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിലാണ് ഞാൻ അഭിമാനിക്കുന്നത് എന്നിങ്ങനെയാണ് കോലിയുടെ വാക്കുകള്‍. 

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെകിരെ പോര്‍ട്ട് ഓഫ് സ്പെയിന്‍ ടെസ്റ്റില്‍ നേടിയ സെഞ്ചറിക്ക് ശേഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ 100 റണ്‍സ് തികയ്ക്കുന്നത്. കോലിയുടെ സെഞ്ചറിക്ക് പിന്നാലെ 487 റണ്‍സില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Virat Kohli scores Century in Perth test surpasses Bradman and Sachin.