ഇന്ത്യന്‍ ബാറ്റേഴ്സിനും ബൗളേഴ്സിനും മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ പെര്‍ത്തില്‍ വീണ് ഓസ്ട്രേലിയ. ന്യൂസീലന്‍ഡിന് എതിരെ 3-0ന് തകര്‍ന്നടിഞ്ഞിടത്ത് നിന്ന് ഇന്ത്യന്‍ ടീം ഉയര്‍ത്തെണീറ്റപ്പോള്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ശേഷിക്കെ ഇന്ത്യക്ക് 295 റണ്‍സ് ജയം.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 534 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 235 റണ്‍സിന് ഓള്‍ഔട്ടായി. ഓസീസ് നിരയില്‍ പിടിച്ചുനിന്നത് ട്രാവിസ് ഹെഡ്ഡും മിച്ചല്‍ മാര്‍ഷും മാത്രം. പെര്‍ത്ത് ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക് നീട്ടാന്‍ ലക്ഷ്യമിട്ട് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിലയുറപ്പിച്ച് നിന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പേസ് നിരയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി.
60 പന്തില്‍ നിന്ന് 17 റണ്‍സ് ആണ് സ്മിത്ത് നേടിയത്. 101 പന്തില്‍ നിന്ന് 89 റണ്‍സ് എടുത്ത് നിന്ന ട്രാവിസ് ഹെഡ്ഡിന്റെ ഭീഷണി ബുമ്ര ഒഴിവാക്കി. മിച്ചല്‍ മാര്‍ഷ് 67 പന്തില്‍ നിന്ന് 47 റണ്‍സ് നേടി. വാലറ്റത്തെ കൂട്ടുപിടിച്ച് അലക്സ് കാരി ഇന്ത്യന്‍ ജയം വൈകിപ്പിച്ചു. എന്നാല്‍ 36 റണ്‍സ് എടുത്ത അലക്സ് കാരിയെ ഹര്‍ഷിത് റാണ മടക്കിയതോടെ പരമ്പരയില്‍ ഇന്ത്യന്‍ ആധിപത്യം.