ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ മിന്നുന്ന എട്ടുവിക്കറ്റ്. ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അത് ധാരാളമായിരുന്നു ജസ്പ്രീത് ബുംറയ്ക്ക്. 883 പോയിന്‍റോടെയാണ് ബുംറ ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാഡ(872)യെയും ഓസീസ് താരം ജോഷ് ഹേസല്‍വുഡി(860)നെയും മറികടന്ന നേട്ടം. റാങ്കിങ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പേസ് ബോളര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന നേട്ടം കൂടിയാണിത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് താരം ഒന്നാമതെത്തുന്നത്.
പെര്‍ത്ത് ടെസ്റ്റിനിറങ്ങുമ്പോള്‍ റാങ്കിങില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. ഓസീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ റാങ്കിങില്‍ മുഹമ്മദ് സിറാജും മൂന്ന് സ്ഥാനം ഉയര്‍ന്ന് 25ല്‍ എത്തി. പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിനെ 295 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പരയില്‍ 1–0ത്തിന് മുന്നിലാണ്. രോഹിതിന്‍റെ അഭാവത്തില്‍ ബുംറയായിരുന്നു ടീമിനെ നയിച്ചതും.
ബാറ്റര്‍മാരുടെ റാങ്കിങില്‍ യശസ്വി ജയ്‌സ്വാള്‍ (825) രണ്ടാമതെത്തി. പെര്‍ത്തില്‍ യശസ്വി സെഞ്ചറി നേടിയിരുന്നു. 903 പോയിന്‍റുള്ള ജോ റൂട്ടാണ് ബാറ്റര്‍മാരില്‍ ഒന്നാമന്‍. 736 പോയിന്‍റുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് ആറാം സ്ഥാനത്ത് തന്നെയുണ്ട്. ടെസ്റ്റിലെ 30–ാം സെഞ്ചറി നേടിയ വിരാട് കോലി ഒന്‍പത് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പട്ടികയില്‍ പതിമൂന്നാമതെത്തി. പെര്‍ത്തില്‍ കളിച്ചില്ലെങ്കിലും രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
ഡിസംബര്‍ ആറുമുതല്‍ പത്തുവരെ അഡ്ലെയ്ഡ് ഓവലിലാകും രണ്ടാം ടെസ്റ്റ് നടക്കുക. ഡേ നൈറ്റ് ടെസ്റ്റായതിനാല്‍ പിങ്ക് ബോളാകും ഉപയോഗിക്കുക.