ക്രിക്കറ്റിനോടുള്ള തന്‍റെ അടങ്ങാത്ത അഭിനിവേശം പ്രകടമാക്കി സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സമൂഹമാധ്യമക്കുറിപ്പ്. ക്രിക്കറ്റിന് വേണ്ടി മാറ്റി വച്ചിരിക്കുന്നതാണ് തന്‍റെ ജീവിതമെന്ന് അങ്ങേയറ്റം വൈകാരികമായ കുറിപ്പില്‍ ഷമി എഴുതുന്നു. 'ബോളിങ് എന്‍റെ നെഞ്ചിടിപ്പാണ് ക്രിക്കറ്റ് ആത്മാവും. അതില്ലാതെ ജീവിതത്തിന് എന്തെങ്കിലും അര്‍ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല'. നെറ്റ്സില്‍ പരിശീലനം നടത്തുന്ന വിഡിയോയ്ക്ക് ഒപ്പം താരം കുറിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ഷമി കളിച്ചേക്കുമെന്ന സൂചനകള്‍ ജസ്പ്രീത് ബുംറ നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം ലോകകപ്പ് മല്‍സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഷമി കഴിഞ്ഞ മാസമാണ് രഞ്ജിയിലൂടെ മിന്നുന്ന തിരിച്ചുവരവ് നടത്തിയത്. ബംഗാളിന് വേണ്ടി ഇറങ്ങിയ ഷമി മധ്യപ്രദേശിനെതിരെ 11 റണ്‍സ് ജയം ടീമിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചതും. സഈദ് മുഷ്താഖ് അലി ട്വന്‍റി20 ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ബംഗാളിനായി നേടിയ ആറ് വിക്കറ്റ് പ്രകടനവും കളിയോടുള്ള ഷമിയുടെ സമീപനം വ്യക്തമാക്കാന്‍ പോന്നതാണ്.
ദീര്‍ഘകാലമായി പരുക്കിന്‍റെ പിടിയിലുള്ള ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന അഭിപ്രായം ഓസീസ് പര്യടനത്തിന് മുന്‍പായി രോഹിത് പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഷമിയില്ലാതെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ പട്ടികയും പുറത്തുവന്നു. എന്നാല്‍ മല്‍സര ക്രിക്കറ്റിലേക്ക് ഷമി മികച്ച ഫോമില്‍ മടങ്ങിയെത്തിയതോടെ ഓസീസിനെതിരെ ഷമിയുടെ പരിചയ സമ്പത്ത് ഇന്ത്യ പ്രയോജനപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.