അഡ്‍ലെയ്ഡ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ തന്നെ ഓപ്പണറാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും രോഹിത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളുള്ള ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യ 1–0 ന് മുന്നിലാണ്.
രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതോടെ കെ.എല്‍ രാഹുല്‍ ഏത് പൊസിഷനില്‍ കളിക്കും എന്നത് സജീവ ചര്‍ച്ചയായിരുന്നു. പെര്‍ത്തില്‍ രാഹുല്‍–യശസ്വി ഓപ്പണിങ് കൂട്ടുകെട്ട് 201 റണ്‍സാണ് നേടിയത്. 'രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഞാന്‍ മധ്യനിരയില്‍ കളിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും എളുപ്പമല്ലെങ്കിലും ഇപ്പോള്‍ ടീമിന് ആവശ്യം ഇതാണ്'- രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ച രാഹുല്‍ ആ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
2019 ല്‍ ഓപ്പണറായി ഇറങ്ങിയതോടെയാണ് രോഹിത് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 'ടീമിനെ സംബന്ധിച്ച് ഫലമാണ് പ്രധാനം. ജയിക്കുകയാണ് പ്രധാനം, അതില്‍ കുറഞ്ഞതൊന്നും ചിന്തയില്‍ ഇല്ല. പെര്‍ത്തില്‍ അവര്‍ രണ്ടുപേരും മനോഹരമായികളിച്ചു. ഞാന്‍ വീട്ടിലിരുന്ന് ആ കളി കാണുകയായിരുന്നു. രാഹുലിന്‍റെ ബാറ്റിങ് ഞാന്‍ ഏറെ ആസ്വദിച്ചു. ഇപ്പോള്‍ ആ സ്ഥാനത്ത് രാഹുല്‍ തുടരേണ്ടത് ആവശ്യമാണ്. അതില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു’ എന്നും രോഹിത് വിശദീകരിച്ചു.
2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് കെ.എല്‍.രാഹുല്‍ ഓപ്പണറായി ഇറങ്ങിയത്. പെര്‍ത്തില്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ 295 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒന്നാംടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന രോഹിത് ഓസ്ട്രേലിയന്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവനെതിരായ പിങ്ക് ബോള്‍ മല്‍സരത്തില്‍ കളിച്ചു. ബാറ്റിങ് ഓര്‍ഡറില്‍ നാലാമതാണ് രോഹിത് എത്തിയത്. ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്‍പതരയോടെയാകും അഡ്‍ലെയ്‍ഡില്‍ ഡേ–നൈറ്റ് ടെസ്റ്റ് തുടങ്ങുന്നത്.