ഇന്ത്യയെ രക്ഷിക്കാന്‍ മുഹമ്മദ് ഷമി ഓസ്ട്രേലിയയിലേക്ക് പറക്കേണ്ടി വരുമോ? രാജ്കോട്ടില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഷമിക്ക് ബ്രിസ്ബേനിലേക്ക് ടിക്കറ്റെടുക്കാന്‍ വഴിതുറന്നത്. ഒരുബോളറെ മാത്രമാശ്രയിച്ച് ടെസ്റ്റ് മല്‍സരം ജയിക്കാനാകില്ലെന്ന രോഹിത് ശര്‍മയുടെ വിമര്‍ശനം കൂടി കണക്കിലെടുത്താല്‍, ബുംറയ്ക്ക് കൂട്ടായി ഷമി എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വെള്ളിയാഴ്ച മുതലാണ് ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്.
അഡ്ലെയ്ഡ് സ്റ്റേഡിയത്തിലെ സിറ്റി എന്‍ഡില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്ക്, കത്തീഡ്രല്‍ എന്‍ഡില്‍ നിന്ന് പാറ്റ് കമിന്‍സ്. പിങ്ക് പന്തില്‍ ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ ഇന്ത്യയെ എറിഞ്ഞിട്ടപ്പോള്‍ ഫലം പത്തുവിക്കറ്റ് തോല്‍വി. പെര്‍ത്തില്‍ നിന്ന് അഡ്ലയ്ഡ്ലെത്തിയപ്പോള്‍ ഇന്ത്യ മനസിലാക്കിയ കാര്യം ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ചാല്‍ എപ്പോഴും ജയിക്കാനാകില്ലന്ന്. അങ്ങ് അഡ്ലെയ്ഡില്‍ ഇന്ത്യ തകര്‍ന്നടിയുമ്പോള്‍ ഇങ്ങ് രാജ്കോട്ടില്‍ സയെദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ബംഗാളിനായി മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബോളിങ് കണ്ടു. സാക്ഷികളായി ബിസിസിഐ സെലക്ടര്‍മാരും. 26 റണ്‍സ് മാത്രം വഴങ്ങി ഷമി വീഴ്ത്തിയത് മൂന്നുവിക്കറ്റ്.
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പത്തുവിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യ വീഴ്ത്തിയത്. നാലുവിക്കറ്റുകള്‍ ബുംറയുടെ വക. മൂന്നും ഓസ്ട്രേലിയന്‍ മുന്‍നിര ബാറ്റര്‍മാര്‍. ഓസീസ് മധ്യനിരയിലെയും വാലറ്റത്തെയും നാലുവിക്കറ്റുകള്‍ മുഹമ്മദ് സിറാജ് സ്വന്തമാക്കിയപ്പോഴേയ്ക്കും മല്‍സരത്തില്‍ ഓസീസ് പിടിമുറുക്കിയിരുന്നു. 16 ഓവറില്‍ ഹര്‍ഷിത് റാണ 86 റണ്‍സ് വഴങ്ങിയപ്പോള്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. ബുംറയ്ക്ക് കൂട്ടായി ഒരു ജോഷ് ഹേസല്‍വുഡോ പാറ്റ് കമിന്‍സോ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആരാധകര്‍ കൊതിച്ചാല്‍ തെറ്റുപറയാനാകില്ല. പരുക്കേറ്റ് ഒരുവര്‍ഷത്തോളം പുറത്തിരുന്ന ഷമി ടെസ്റ്റ് മല്‍സരം കളിക്കാന്‍ ഫിറ്റ്നസ് അനുവദിക്കുമോ എന്നതാണ് ആശങ്ക. 34കാരന്‍ ഷമിയുടെ കാര്യത്തില്‍ ഇന്ത്യ റിസ്ക് എടുക്കാന്‍ തയ്യാറായാല്‍ ഗാബയില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന് കരുത്തുകൂടും.