ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മേല്‍ പരുക്ക് ഭീഷണി. ഏഴാം ഓവറിനിടെ മുഹമ്മദ് സിറാജാണ് മടങ്ങിയത്. നിതീഷ് റെഡ്ഡിയുടെ പന്തില്‍ ലബുഷെയ്ന്‍ പുറത്തായതിന് പിന്നാലെയാണ് സിറാജ് മുട്ടിന് പിന്നിലോ ഹാംസ്ട്രിങിനോ പരുക്കേറ്റനെന്ന സൂചനകളുണ്ടായത്. ഉടന്‍ തന്നെ ഫിസിയോ എത്തുകയും സിറാജിനെ പരിശോധിക്കുകയും ചെയ്തു. ആകാഷ് ദീപെത്തിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. പരുക്ക് സാരമുള്ളതാണെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണ്.
ബുംറയ്ക്ക് പരുക്കുണ്ടെന്ന് ഇതിനകം തന്നെ അഭ്യൂഹങ്ങളുണ്ട്, പുറമെ സമ്മര്‍ദവും. ഒപ്പം സിറാജ് കൂടി പുറത്തിരിക്കേണ്ടി വന്നാല്‍ പരമ്പരയുടെ കാര്യത്തില്‍ പ്രതീക്ഷയേ വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാലമായി ടീമിന് പുറത്തുള്ള ഷമി ടീമിനൊപ്പം ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും രോഹിത് പച്ചക്കൊടി കാട്ടാത്തിനാല്‍ ഷമിയെത്തുമെന്നതിലും ഉറപ്പില്ല. അനിശ്ചിതത്വം തുടരുന്നതിനിടെ വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ ഷമിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ഷമി ആഭ്യന്തര മല്‍സരങ്ങളില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഒന്നാം ദിനം മഴ കളിച്ചതോടെ 28 റണ്‍സെടുത്ത് നിര്‍ത്തിയ ഓസീസ് ഇന്ന് കളി തുടങ്ങിയപ്പോഴെ വിക്കറ്റ് നഷ്ടമായി. 54 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ ബുംറയാണ് പുറത്താക്കിയത്. പിന്നാലെ നഥാന്‍ മക്സ്വീനിയെയും ബുംറ മടക്കി. മാര്‍നസ് ലബുഷെയ്നെ നിതിഷ് റെഡ്ഡിയാണ് കോലിയുടെ കൈകളിലെത്തിച്ചത്.
ഗാബയില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 13.2 ഓവര്‍പിന്നിട്ടതോടെ മഴയെത്തി. രണ്ടുതവണ മല്‍സരം തടസപ്പെട്ടതോടെ ഒന്നാം ദിനത്തിലെ കളി ഉപേക്ഷിക്കുകയാണെന്നായിരുന്നു അംപയര്‍മാരുടെ തീരുമാനം. അശ്വിനെെയും ഹര്‍ഷിത് റാണയെയും പുറത്തിരുത്തി ആകാഷ്ദീപും രവീന്ദ്ര ജഡേജയുമായാണ് ഇന്ത്യ കളിക്കുന്നത്.