ഗാബയില്‍ അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയ രണ്ട് ചുണക്കുട്ടികള്‍! ആകാശ് ദീപും ജസ്പ്രീത് ബുംറയും. പാറ്റ് കമിന്‍സിന്‍റെയും സംഘത്തിന്‍റെയും തീ പാറുന്ന ബൗണ്‍സറുകള്‍ തടഞ്ഞിട്ട് ഇന്ത്യയെ ഫോളോ ഓണ്‍ കടമ്പ കടത്തിയ വീരനായകര്‍. 213 റണ്‍സിന് 9 വിക്കറ്റ് വീണിടത്താണ് ഇരുവരും ഒത്തുചേര്‍ന്നത്. സ്കോര്‍ 246 കടന്നാലേ വീണ്ടും ബാറ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് കഴിയൂ. ആര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത റെക്കോര്‍ഡ് സ്വന്തം പേരിലുള്ള ബുംറ ആശാനും ശിഷ്യന്‍ ആകാശ് ദീപിനും നമുക്കെന്ത് നഷ്ടപ്പെടാന്‍ എന്ന ഭാവമായിരുന്നു.
31 പന്തില്‍ ഒരു സിക്സും രണ്ട് ഫോറുമടക്കം ആകാശ് ദീപ് 27 റണ്‍സെടുത്തപ്പോള്‍ ആശാന്‍ ഒരു സിക്സറടക്കം 10 റണ്‍സോടെ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 246 കടത്തിയപ്പോള്‍ ഡഗ്ഔട്ടില്‍ ആഹ്ലാദം. പിന്നെയും ബാറ്റിങ് തുടര്‍ന്ന ആകാശ് ദീപും ബുംറയും നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ സ്കോര്‍ 252 റണ്‍സിലെത്തിച്ചു. 39 റണ്‍സിന്‍റെ അവിശ്വസനീയ കൂട്ടുകെട്ട്. വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തി ഇരുവരും ഡഗ്ഔട്ടിലേക്ക് നടക്കുമ്പോള്‍ നിറഞ്ഞ ചിരിയും കയ്യടിയുമായി സഹതാരങ്ങളും പരിശീലകരും എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു.
ഡ്രസിങ് റൂമിന്‍റെ ബാല്‍ക്കണിയില്‍ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കോച്ച് ഗൗതം ഗംഭീറും ആഹ്ലാദം മറച്ചുവച്ചില്ല. അടുത്തൊന്നും മൂവരും ഇങ്ങനെ ചിരിക്കുന്നത് ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല. ബുംറയും ആകാശ് ദീപും ഡ്രസിങ് റൂമിലെത്തിക്കഴിഞ്ഞ് കോലി വലതുകൈപ്പത്തി മുഖത്തോടടുപ്പിച്ച് രോഹിത്തിനെ വണങ്ങി. നല്ലൊരു ഖവാലി കേട്ടശേഷം ഗായകനോട് വാഹ് ഉസ്താദ്! എന്ന് പറയുംപോലെ. അവര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളൊന്നടങ്കം ബുംറയോടും ആകാശ് ദീപിനോടും ജഡേജയോടും കെ.എല്‍.രാഹുലിനോടും പറഞ്ഞു. വാഹ് ഉസ്താദ്!