ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോഓണ്‍ ഒഴിവായ ഇന്ത്യന്‍ ടീമിന്റെ ആഘോഷദൃശ്യങ്ങള്‍ പുറത്ത്. ആകാംക്ഷ നിറഞ്ഞ മത്സരമായിരുന്നു നടന്നത്. വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഗൗതം ഗംഭീറിനെയും നിറഞ്ഞ ചിരിയോടെ ദൃശ്യങ്ങളില്‍ കാണാം. പാറ്റ് കമ്മിന്‍സിന്റെ പന്ത് ആകാശ് ദീപിന്റെ ബാറ്റില്‍ത്തട്ടി ബൗണ്ടറിയിലേക്ക് പായുന്നത് ആവേശത്തോടെയാണ് സഹതാരങ്ങള്‍ നോക്കിനിന്നത്. കോലി ചാടിയെഴുന്നേറ്റ് ഗംഭീറിന്റെയും രോഹിതിന്റെയും കൈകളിലടിച്ച് ആഘോഷിക്കുകയാണ്. പരിശീലക സ്ഥാനമേറ്റ ശേഷം ടെസ്റ്റിൽ കടുത്ത വിമർശനമാണ് ഗംഭീറും നേരിട്ടുകൊണ്ടിരുന്നത്. വിമര്‍ശനങ്ങളില്‍ നിന്നുമുള്ള ആശ്വാസമായിരുന്നു ഗംഭീറിനും .
ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് 33 റണ്‍സായിരുന്നു. ഇന്ത്യ ഫോളോഓണ്‍ ചെയ്യുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് രക്ഷകരായി ബുമ്ര–ആകാശ്‌ദീപ് സഖ്യമെത്തിയത്. പാറ്റ് കമിൻസിനെതിരെ സിക്‌സര്‍ പായിച്ച് ബുമ്രയാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. ബുമ്രയും ആകാശും ചേര്‍ന്ന് സിംഗിളും ഡബിളും ഫോറുമെടുത്ത് ഫോളോഓണ്‍ സാഹചര്യം ഒഴിവാക്കി.
ഗ്രൗണ്ടിലേക്കാള്‍ ആഘോഷമായിരുന്നു ഗ്രൗണ്ടിനു പുറത്ത് കണ്ടത്. ഡ്രസിങ് റൂമിൽ ചാടിയെഴുന്നേറ്റ് കയ്യടിച്ചും അതിനാടകീയമായ ഭാവങ്ങളോടെയുമായിരുന്നു കോലിയുടെ പ്രതികരണം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.