രോഹിത് ശര്‍മ വിരമിക്കാനൊരുങ്ങുകയാണോ? ഇതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വലിയ ചര്‍ച്ച. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസിനു പുറത്തായതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. നിരാശനായി ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ രോഹിത് ഡഗ്ഔട്ടിൽ എത്തുംമുന്‍പ് ഗ്ലൗസ് ഉപേക്ഷിച്ചതാണ് കാരണം.
ഡഗ്ഔട്ടിനു സമീപത്ത് പരസ്യബോർഡിനു പിന്നിലാണ് ഗ്ലൗസ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഈ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെയാണ് രോഹിത്തിന്‍റെ വിരമിക്കല്‍ നീക്കമാണിതെന്ന പ്രചാരണം. പരമ്പരയില്‍ ഇതുവരെ രോഹിത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബ്രിസ്ബെയ്ൻ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 10 റൺസെടുത്ത് രോഹിത് പുറത്തായിരുന്നു. നേരിട്ടത് 27 പന്ത്. രണ്ട് ഫോറടിച്ചെങ്കിലും സ്കോര്‍ പത്തിലൊതുങ്ങി. പുറത്തായപ്പോള്‍ കടുത്ത നിരാശയിലാണ് താരം ക്രീസ് വിട്ടത്. ഈ വേദനയിലും ദേഷ്യത്തിലും ഗ്ലൗസ് ഡഗ്ഔട്ടിനു പുറത്തുതന്നെ വലിച്ചെറിഞ്ഞെന്നാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തല്‍.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. പകരം ക്യാപ്റ്റനായ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ തകര്‍പ്പന്‍ ജയം നേടുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ രോഹിത് ടീമിനൊപ്പം ചേർന്നെങ്കിലും, പെർത്തിലെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാതിരിക്കാൻ മധ്യനിരയിലേക്ക് മാറി.
രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയും ഫീല്‍ഡിങ് വിന്യാസവുമുള്‍പ്പെടെ കടുത്ത വിമര്‍ശനം നേരിടുമ്പോഴാണ് ഗ്ലൗസ് വിഷയം തലപൊക്കിയത്.