ഓസീസ് പര്യടനത്തില്‍ ആശ്വാസ പ്രകടനം പോലും കാഴ്ച വയ്ക്കാനാവാത്ത സ്ഥിതിയില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ഒഴിഞ്ഞേക്കുമെന്ന് സൂചനകള്‍. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് രോഹിത് കാത്തുനില്‍ക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അടുത്ത രണ്ട് കളിയിലും ഫോം വീണ്ടെടുക്കാനായില്ലെങ്കില്‍ ഒഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും സുനില്‍ ഗവാസ്കര്‍ വെളിപ്പെടുത്തി. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയിട്ടും തിളങ്ങാനാവാതെ വന്നതോടെ കടുത്ത സമ്മര്‍ദത്തിലായിരുന്നു ക്യാപ്റ്റന്‍. സ്വന്തം ഫോമും ടീമിന്‍റെ പ്രകടനവും മോശമായത് രോഹിതിനെ ബാധിച്ചിട്ടുണ്ടെന്നത് ഗാബയില്‍ വ്യക്തമായിരുന്നു.
'മെല്‍ബണിലും സിഡ്നിയിലും രോഹിത് കളിച്ചേക്കും, അതുറപ്പാണ്. പക്ഷേ രണ്ടിടത്തും നിരാശാജനകമാണ് പ്രകടനമെങ്കില്‍ ആ തീരുമാനം രോഹിത് സ്വയം കൈക്കൊള്ളും. ടീമിന് ഭാരമാകാന്‍ ഒരുകാലത്തും ആഗ്രഹിക്കുന്ന ആളല്ല രോഹിത്. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് അങ്ങേയറ്റം കരുതലുള്ള കളിക്കാരനാണ്' ഗവസ്കര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഗാബയിലെ ഒന്നാം ഇന്നിങ്സില്‍ 10 റണ്‍സിന് പുറത്തായതിന് പിന്നാലെ നിരാശനായി മടങ്ങിയ രോഹിത് ഡഗൗട്ടില്‍ എത്തും മുന്‍പ് ഗ്ലൗസ് ഉപേക്ഷിച്ചത് വന്‍വിവാദമായിരുന്നു. മകന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്നതിനാല്‍ പെര്‍ത്തില്‍ രോഹിത് കളിച്ചിരുന്നില്ല. ബുംറയുടെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ ടീം ഇന്ത്യ കൂറ്റന്‍ ജയവും സ്വന്തമാക്കി. അഡ്ലെയ്ഡില് ടീമിനൊപ്പം രോഹിത് ചേര്‍ന്നുവെങ്കിലും വിജയം തുടരാന്‍ കഴിഞ്ഞില്ല, പ്രകടനവും മോശമായി. ഇതിന് പിന്നാലെ രോഹിതിന്‍റെ രാജിക്കായി മുറവിളിയും തുടങ്ങി. എന്നാല്‍ ഒരു കളി തോറ്റതിന്‍റെ പേരില്‍ എഴുതിത്തള്ളേണ്ട ആളല്ല രോഹിത്തെത്തും ലോകകപ്പ് അടക്കം മറന്നുപോകരുതെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന താരങ്ങള്‍ രോഹിതിനെ തുണച്ച് രംഗത്ത് വന്നിരുന്നു.