ആര്‍.അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഗാബാ ടെസ്റ്റിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപനം. 106 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 537 വിക്കറ്റും 3503 റണ്‍സും നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളും 3503 റൺസുമാണ് അശ്വിൻ 13 വർഷം നീണ്ട രാജ്യാന്തര കരിയറിന് തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ.
ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിൻ, ഇക്കാര്യത്തിൽ ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടംകയ്യൻമാരെ പുറത്താക്കിയ ബോളറെന്ന റെക്കോർഡ് അശ്വിന്റെ പേരിലാണ്. 268 തവണയാണ് ഇടംകയ്യൻ ബാറ്റർമാർ അശ്വിനു മുന്നിൽ വീണത്.