രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിരാട് കോലി ആഭ്യന്തര റെഡ്–ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഈ 12 വര്‍ഷത്തിനിടെ കോലിയുടെ കരിയര്‍ ഗ്രാഫില്‍ ഏറെ മാറ്റങ്ങള്‍ വന്നു, എങ്കിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആ പഴയ കോലി തന്നെ എന്ന് വെളിപ്പെടുത്തുകയാണ് ഡൽഹി ടീം മാനേജര്‍. കോലിയുടെ ലാളിത്യത്തെയും എളിമയെയും കുറിച്ചുള്ള മാനേജരുടെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ആരാധകരുടെയൊന്നാകെ മനസ് കീഴടക്കുകയാണ്.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ടു ദിവസവും കോലി പരിശീലനത്തിനെത്തിയിരുന്നു. ഡല്‍ഹി ടീം കളിക്കാരോടൊപ്പം തകൃതിയായി പരിശീലനം. ഇതിനായി തന്റെ കിറ്റുകളടങ്ങുന്ന ലഗേജ് സ്വയം ചുമന്ന് വരുന്ന കോലിയെ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു. വലിയ താരങ്ങളുടെ സഹായികളാരെങ്കിലുമാണ് സാധാരണ കിറ്റ് അകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നത്. ടീം മാനേജർ സഹായിക്കാൻ മുതിർന്നെങ്കിലും കോലി വിലക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോലി തന്നെയാണ് ഇന്നുമെന്നാണ് മാനേജര്‍ പറയുന്നത്.
2012ൽ ഉത്തർപ്രദേശിനെതിരെ രഞ്ജി കളിച്ച ശേഷം കോലി ഡൽഹിക്കായി വീണ്ടും ഇറങ്ങുകയാണ്, താരജാഡയോ തലക്കനമോ ഒന്നുമില്ലാതെ. ഡൽഹി ടീമിന്റെ മാനേജർ മഹേഷ് ഭാട്ടി കോലിയോട് കിറ്റ് ബാഗ് എടുക്കാമെന്ന് പറഞ്ഞു. എന്നാല്‍ കോലിയുെട മറുപടി ഇതായിരുന്നു, ‘ഇത് എന്റെ സാധനങ്ങളാണ്, അതിനാൽ ഞാന്‍ തന്നെയാണ് ഇതൊക്കെ ചുമക്കേണ്ടത്’. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കോലിയുടെ വിനയത്തെക്കുറിച്ച് മഹേഷ് ഭാട്ടി വാചാലനായത്. ‘വിരാട് അണ്ടർ-19 കളിക്കുമ്പോൾ താന്‍ കോച്ചായിരുന്നു. എന്റെ കീഴിൽ തന്നെയായിരുന്നു പരിശീലനം. ആദ്യം മുതലേ ഞങ്ങൾക്കിടയില്‍ നല്ലൊരു ബന്ധം ഉണ്ടായിരുന്നു, എനിക്കും കോലിക്കും തമാശകള്‍ പറഞ്ഞുചിരിക്കാന്‍ ഇഷ്ടമാണ്. പഴയ ഓര്‍മകള്‍ പങ്കിട്ട് ചിരിച്ചതും മഹേഷ് ഭാട്ടി വെളിപ്പെടുത്തി.