എട്ടാം വിക്കറ്റിൽ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി നിതീഷ് കുമാർ റെഡ്ഡിയുടെ പേരിൽ. 2008 ലെ അഡ്ലെയ്ഡ് ടെസ്റ്റിൽ അനിൽ കുംബ്ലെ നേടിയ 87 റൺസാണ് നിതീഷ് കുമാർ പഴങ്കഥയാക്കിയത്. എട്ടാം വിക്കറ്റിൽ അർധ സെഞ്ചറി നേടിയതോടെ ഓസീസിനെതിരെ ഈ നേട്ടം കൈവരിക്കുന്നവരുടെ ഈ പട്ടികയിലേക്കും നിതീഷ് കുമാർ എത്തിയിരുന്നു.
ഓസീസിനെതിരെ എട്ടാം വിക്കറ്റിൽ 81 റൺസ് നേടിയ ജഡേജയാണ് മൂന്നാമത്. 2019 ൽ സിഡ്നി ടെസ്റ്റിലാണ് ജഡേജ 81 റൺസ് നേടിയത്. 67 റൺസ് നേടിയ ഷാർദുൽ താക്കൂർ ഈ പട്ടികയിലുണ്ട്. കർസൻ ഗവ്രി, മനോജ് പ്രഭാകർ, രവി അശ്വിൻ, ദത്തു ഫഡ്കർ, ഹേമു അധികാരി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് എട്ടാം വിക്കറ്റിൽ അർധ സെഞ്ചറി നേടിയവർ.
89 റൺസ് നേടിയ നിതീഷ് കുമാറിന്റെ ഇന്നിങ്സിൽ എട്ട് ഫോറും ഒരു സിക്സറും ഉൾപ്പെടും. ക്രീസിലുള്ള വാഷിങ്ടൺ സുന്ദറും അർധ സെഞ്ചറിയിലേക്ക് കടക്കുകയാണ്. ഒരു ഫോർ സഹിതം 48 റൺസാണ് സുന്ദർ നേടിയത്. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുണ്ടാക്കിയത്. 104 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ 338 റൺസെടുത്തിട്ടുണ്ട്.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനമാണ് നിതീഷ് കുമാർ നടത്തുന്നത്. പെർത്തിൽ 41, 38 എന്നിങ്ങനെയായിരുന്നു നിതീഷിന്റെ സ്കോറിങ്. ഡേ നൈറ്റ് ടെസ്റ്റിൽ 42 റൺസ് വീതമാണ് താരം നേടിയത്. ബ്രിസ്ബേനിൽ 16 റൺസിന് പുറത്തായെങ്കിലും ആ ക്ഷീണം തീർക്കുന്ന പ്രകടനമാണ് മെൽബണിൽ.