വാലറ്റത്തിന്‍റെ കരുത്തിൽ ബോക്സിങ് ഡേ ടെസ്റ്റിൽ കരകയറി ഇന്ത്യ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തിട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിങ്ങാണ് മൂന്നാം ദിവസം ഇന്ത്യയ്ക്ക് രക്ഷയായത്. പേടിയില്ലാതെ ബാറ്റ് വീശിയ നിതീഷ് കുമാർ കന്നി സെഞ്ചറിയും നേടി. 108 റൺസെടുത്ത നിതീഷ് കുമാറും രണ്ട് റൺസുമായി മുഹമ്മദ് സിറാജുമാണ് ക്രീസിൽ.
ശനിയാഴ്ച ഇന്ത്യയ്ക്ക് നാല് വിക്കറ്റുകളാണ് നഷ്ടമായത്. അനാവശ്യ ഷോട്ട് കളിച്ച റിഷഭ് പന്തിന്‍റെ (28) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോട്ട് ബോളണ്ടിന്‍റെ പന്തിൽ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച് നാഥൻ ലിയോണിന്‍റെ കയ്യിലവസാനിക്കുകയായിരുന്നു. 17 റൺസെടുത്ത രവീന്ദ്ര ജഡേജ ലിയോണിന്‍റെ പന്തിൽ എൽബിഡബ്ല്യുവായി.
Also Read: 'മറ്റേ ഡ്രസ്സിങ് റൂമിൽ പോകണം, പന്തിന്‍റേത് വിഡ്ഢിത്തം'; തുറന്നടിച്ച് സുനിൽ ഗവാസ്കർ
ശേഷം വന്ന വാഷിങ്ടൺ സുന്ദറുമായി സുന്ദരമായ 127 റൺസ് കൂട്ടുകെട്ടാണ് നിതീഷ് കുമാർ ഉണ്ടാക്കിയത്. 50 റൺസെടുത്ത സുന്ദറിന്റെ വിക്കറ്റും നാഥൺ ലിയോണിനാണ്. 18 ല്‍ നില്‍കെ മിച്ചല്‍ സ്റ്റാര്‍ക്ക് സുന്ദറിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരെ എട്ടാം വിക്കറ്റിലെ രണ്ടാമത്തെ വലിയ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. 2008 ല്‍ സച്ചിനും ഹര്‍ഭജനും ചേര്‍ന്നുണ്ടാക്കിയ 129 റണ്‍സ് കൂട്ടുകെട്ടിന് രണ്ട് റണ്‍സ് അകലെയാണ് സുന്ദര്‍ പുറത്തായത്.
Also Read: 'താഴത്തില്ലെടാ'; മെൽബണിൽ ഇന്ത്യൻ പ്രതീക്ഷയായി നിതീഷ്; അർധസെഞ്ചറിക്ക് പിന്നാലെ വൈറൽ ആഘോഷം
ഈ കൂട്ടുകെട്ട് പൊളിഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർക്കുന്നതിനിടെ ബുംറ ഡക്കിന് പുറത്തായി. നിലവിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 474 റൺസിനേക്കാൾ 116 റൺസ് പിറകിലാണ് ഇന്ത്യ.
എട്ടാം വിക്കറ്റിൽ ആദ്യ സെഞ്ചറി
എട്ടാം വിക്കറ്റിൽ ഓസ്ട്രേലിയയിൽ സെഞ്ചറി നേടുന്ന ആദ്യ താരമാണ് നിതീഷ്. ഓസ്ട്രേലിയയിൽ സെഞ്ചറി നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരവുമാണ്. 21 വയസും 216 ദിവസുമാണ് നിതീഷിന്‍റെ പ്രായം. സച്ചിന്‍ ടെണ്ടുല്‍ക്കറും റിഷഭ് പന്തുമാണ് നിതീഷിന് മുന്‍പില്‍. 18 വയസും 256 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ സെഞ്ചറി നേടിയത്. 21 വയസും 91 ദിവസവുമുള്ളപ്പോഴാണ് പന്തി്നറെ സെഞ്ചറി.
171 പന്തിലാണ് നിതീഷിന്‍റെ കന്നി സെഞ്ചറി പിറന്നത്. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്റെ ഇന്നിങ്സ്. ഈ സീരീസിൽ എട്ട് സിക്സാണ് നിതീഷ് ഇതുവരെ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്. ഓസ്ട്രേലിയൻ സീരീസിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സർ എന്ന മൈക്കിൾ വോണിന്‍റെയും ക്രിസ് ഗെയിലിന്‍റെയും നേട്ടത്തിനൊപ്പവുമെത്തി.