ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി വിരാട് കോലി വീണ്ടുമെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോക്സിങ് ഡേ ടെസ്റ്റിന്‍റെ നാലാം ദിനം ഫീല്‍ഡിന്‍റെ നിയന്ത്രണം കോലി ഏറ്റെടുത്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. രോഹിതിന് സമീപത്തെത്തി നിരന്തരം കോലി നിര്‍ദേശങ്ങള്‍ നല്‍കുന്നതും വിഡിയോയില്‍ കാണാം. നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി സെഞ്ചറിയുടെയും വാലറ്റത്തിന്‍റെ ചെറുത്തുനില്‍പ്പിന്‍റെയും ബലത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 369 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും പത്താംവിക്കറ്റും നഷ്ടമാവുകയായിരുന്നു.
രണ്ടാമിന്നിങ്സില്‍ ഓസീസ് ബാറ്റിങിനിറങ്ങിയതോടെ ഫീല്‍ഡിന്‍റെ നിയന്ത്രണമേറ്റെടുത്ത കോലി പുതിയ പന്ത് ബുംറയ്ക്കും ആകാശിനുമായി നല്‍കി. കോലിയുടെ തീരുമാനം തെറ്റിക്കാതെ ബുംറ ഓസീസിന്‍റെ ആദ്യ വിക്കറ്റ് പിഴുതു. തകര്‍ത്തടിക്കാന്‍ ഉറച്ചെത്തിയ സാം കോണ്‍സ്റ്റാസിനെ ആറാമത്തെ ഓവറില്‍ മടക്കി. ഖവാജയാവട്ടെ ബുംറയുടെ പന്തുകളെ ഒഴിഞ്ഞുമാറിക്കൊണ്ടുമിരുന്നു. അപ്രതീക്ഷിതമായി രോഹിത് ശര്‍മ ബുംറയെ മാറ്റി സിറാജിനെ പന്തേല്‍പ്പിച്ചു. ഡിഫന്‍സിവ് ഷോട്ട് കളിക്കാന്‍ മുതിര്‍ന്ന ഉസ്മാന്‍ ഖവാജയുടെ കണക്ക് കൂട്ടല്‍ തെറ്റി പുറത്തേക്ക്. ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് വച്ചായിരുന്നു സിറാജിന്‍റെ ആഘോഷം. ലബുഷെയ്ന് പിന്തുണയുമായി നിന്ന സ്മിത്തിനെ സിറാജും, ട്രാവിസ് ഹെഡിനെ ബുംറയും മടക്കി. 36 ഓവറെത്തിയപ്പോള്‍ 91/6 എന്ന നിലയിലാണ് ഓസീസ്.
അതേസമയം, തുടര്‍ച്ചായ പരാജയവും മോശം പ്രകടനവും രോഹിതിന്‍റെ ക്യാപ്റ്റന്‍ പദവി തുലാസിലാക്കിയിരിക്കുകയാണ്. രോഹിതിന് കൃത്യമായി തീരുമാനമെടുക്കാനോ ടീമിനെ നയിക്കാനോ സാധിക്കുന്നില്ലെന്നും സ്വന്തം പ്രകടനത്തില്‍ ശ്രദ്ധിക്കാന്‍ തീരെ കഴിയുന്നില്ലെന്നും വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. രോഹിത് പുറത്തേക്കെന്ന അഭ്യൂഹങ്ങളെ ശരിവച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്കറടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തു. കടുത്ത സമ്മര്‍ദത്തിലും മോശം കാലത്തിലൂടെയുമാണ് രോഹിത് കടന്നുപോകുന്നതെന്നും ഈ പ്രകടനമാണെങ്കില്‍ സിഡ്നിയില്‍ രോഹിത് കളിക്കുമെന്ന് കരുതുന്നില്ലെന്നും രോഹിതിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്ന തരത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സച്ചിന്‍ ക്യാപ്റ്റനായിരുന്നപ്പോഴും സമ്മര്‍ദം കാരണം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടെന്നും മുന്‍താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാനായ എം.എസ്.കെ പ്രസാദ് കുറച്ച് കൂടി കടുത്തഭാഷയിലായിരുന്നു രോഹിതിനെ വിമര്‍ശിച്ചത്. രോഹിതിന് ബോളര്‍മാരെ എപ്പോള്‍ ആര്‍ക്കെതിരെ അയയ്ക്കണമെന്നോ ഫീല്‍ഡ് എങ്ങനെ വിന്യസിക്കണമെന്നോ പോലും ഐഡിയ ഇല്ലെന്നും പുറത്താക്കേണ്ട സമയം കഴിഞ്ഞുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.