ഓസ്ട്രേലിയക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യദിനം ഇന്ത്യയെ 185 റണ്‍സിലൊതുക്കിയ ഓസ്ട്രേലിയയുടെ ഇന്നിങ്സ് രണ്ടാംദിവസത്തെ രണ്ടാം സെഷനില്‍ത്തന്നെ അവസാനിച്ചു. 181 റണ്‍സില്‍ ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യ നാലുറണ്‍സ് ലീഡും കരസ്ഥമാക്കി. സിഡ്നിയിലെ ഗ്രീന്‍ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ വെബ്സ്റ്ററും സ്മിത്തും ഒഴികെയുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
ഇന്നലെ കളിയവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഇന്നുരാവിലെയും വേട്ട തുടങ്ങിയത്. മാര്‍നസ് ലബുഷെയ്നെ ബുംറ പന്തിന്‍റെ കൈകളില്‍ എത്തിച്ചു. പിന്നീട് ബുംറ അധികം ബൗള്‍ ചെയ്തില്ല. പകരം വന്ന പ്രസിദ്ധ് കൃഷ്ണയും സിറാജും ആക്രമണത്തിന്‍റെ ചുക്കാന്‍ ഏറ്റെടുത്തു. സാം കോണ്‍സ്റ്റാസിനെ പുറത്താക്കി സിറാജ് തുടങ്ങി. അപകടകാരിയായ ട്രാവിസ് ഹെഡും സിറാജിനുമുന്നില്‍ വീണു. സ്റ്റീവ് സ്മിത്തും ബ്യൂ വെബ്സ്റ്ററും ചേര്‍ന്ന് അഞ്ചാംവിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ അപകടം മണത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നാഴികക്കല്ലിന് തൊട്ടടുത്തെത്തിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യയെ വീണ്ടും മല്‍സരത്തിലേക്ക് തിരിച്ചെത്തിച്ചത്. സ്മിത്തിന് പകരമെത്തിയ അലക്സ് കാരി വെബ്സ്റ്റര്‍ക്ക് നല്ല പിന്തുണ നല്‍കി. 21 റണ്‍സെടുത്ത കാരിയെ പ്രസിദ്ധ് ക്ലീന്‍ ബോള്‍ഡാക്കി. പാറ്റ് കമിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും അധികമൊന്നും ചെയ്യാനുണ്ടായില്ല. ഇരുവരെയും വീഴ്ത്തി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയുടെ കുതിപ്പ് നിലനിര്‍ത്തി. ഒടുവില്‍ വെബ്സ്റ്ററെ ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ച് പ്രസിദ്ധ് ഓസ്ട്രേലിയന്‍ പ്രതീക്ഷ തകര്‍ത്തു. സ്കോട്ട് ബോളണ്ടിന്‍റെ വിക്കറ്റ് തെറിപ്പിച്ച് സിറാജ് കഥ പൂര്‍ത്തിയാക്കുകയും ചെയ്തു.
രണ്ടാമിന്നിങ്സില്‍ യശസ്വി ജയ്സ്വാള്‍ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. കെ.എല്‍.രാഹുലാണ് ഒപ്പം. മൂന്നുദിവസത്തിലേറെ ശേഷിക്കുന്നതിനാല്‍ സിഡ്നി ടെസ്റ്റില്‍ ഫലമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ മല്‍സരം ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകൂ. ഒപ്പം ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും.