ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്ക്കായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തയാളാണ് ജസ്പ്രീത് ബുംറ. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം സമ്മാനിച്ച ക്യാപ്റ്റനായും പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയും തകര്‍പ്പന്‍ ഫോം. എന്നാല്‍ സിഡ്നിയില്‍ രണ്ടാം ദിവസം ബുംറ കളിക്കാനിറങ്ങാതിരുന്നത് ഐസിസി അന്വേഷണത്തെ തുടര്‍ന്നാണെന്നും പേശീവലിവ് അല്ല കാരണമെന്നും ഓസീസ് ആരാധകന്‍റെ ആരോപണം.
ബുംറയുടെ ഷൂവിനുള്ളില്‍ നിന്നും സംശയാസ്പദമായെന്തോ ഗ്രൗണ്ടിലേക്ക് വീഴുന്നുണ്ടെന്നും പന്തില്‍ കൃത്രിമം കാട്ടിയാണ് താരം ഓസീസ് ബാറ്റര്‍മാരെ പുറത്താക്കിയതെന്നും ടോം ബ്രൗണ്‍ എന്ന ഹാന്‍ഡിലില്‍ നിന്നും വന്ന ട്വീറ്റില്‍ പറയുന്നു. വിഡിയോ സഹിതമാണ് ആരാധകന്‍റെ ആരോപണം.
അതേസമയം, ഓസീസ് ആരാധകന്‍റെ ആരോപണത്തിനെതിരെ മുതിര്‍ന്നതാരം ആര്‍.അശ്വിന്‍ കണക്കറ്റ് പരിഹസിച്ചു. ബുംറ ഷൂസ് അഴിച്ച് കെട്ടുമ്പോള്‍ നിലത്ത് വീണ 'സംശയാസ്പദ'മായ വസ്തു കൈവിരലിന്‍റെ സംരക്ഷണത്തിനിടുന്ന പാഡാണെന്നാണ് അശ്വിന്‍ വിശദീകരിക്കുന്നത്. കളിയാക്കി ചിരിക്കുന്ന സ്മൈലികളോടെയാണ് ഓസീസ് ആരാധകന്‍റെ അസംബന്ധപ്പോസ്റ്റിനെ അശ്വിന്‍ പങ്കുവച്ചിരിക്കുന്നത്.
അഞ്ച് മല്‍സരങ്ങളുടെ പരമ്പര 3–1നാണ് ഓസീസ് നേടിയത്. ടീമിന്‍റെ നിരാശാജനകമായ പ്രകടനത്തിനിടയിലും ബുംറയും യശസ്വിയും വേറിട്ട് നില്‍ക്കുകയും ചെയ്തു. മാന്‍ ഓഫ് ദ് സീരീസും ബുംറയാണ്. 13.06 ശരാശരിയിലാണ് ബുംറയുടെ പ്രകടനം. സിഡ്നി ടെസ്റ്റിനിടെ കടുത്ത പേശീവേദനയെ തുടര്‍ന്ന് ബുംറ വിശ്രമിക്കുകയായിരുന്നു.