ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീം അധിക സമ്മര്‍ദത്തിലാക്കിയെന്നും കരിമ്പ് പിഴിഞ്ഞ് സത്തെടുക്കുന്നത് പോലെ ബുംറയെ ഉപയോഗിച്ചെന്നും ഹര്‍ഭജന്‍ സിങിന്‍റെ രൂക്ഷ വിമര്‍ശനം. വിശ്രമമില്ലാതെ അധികഭാരം കൂടി ഏറ്റെടുക്കേണ്ടി വന്നതോടെയാണ് സിഡ്നിയിലെ രണ്ടാം ദിവസം താരത്തിന് നഷ്ടമായതെന്നും ഹര്‍ഭജന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശനം ഉന്നയിക്കുന്നു.
'കരിമ്പ് പിഴിഞ്ഞ് സത്തെടുത്ത് ചണ്ടി മാറ്റിയിടുന്നത് പോലെയാണ് ബുംറയോട് ഇന്ത്യന്‍ ടീം ചെയ്തത്. ട്രാവിസ് ഹെഡ് വരുന്നു, പന്ത് ബുംറയ്ക്ക് കൊടുക്കുന്നു, മാര്‍നസ് ലബുെഷയ്ന്‍ വരുന്നു വീണ്ടും പന്ത് ബുംറയ്ക്ക് കൊടുക്കുന്നു, സ്റ്റീവ് സ്മിത്ത് വരുന്നു ബുറയെ പന്തേല്‍പ്പിക്കുന്നു! എത്ര ഓവറുകള്‍ ബുംറയെറിഞ്ഞു? ഇങ്ങനെ ഉപയോഗിച്ചത് കൊണ്ടാണ് അവസാനം വരെ കളിക്കാന്‍ കഴിയാതെ പോയത്'. ബുംറ കളിച്ചിരുന്നുവെങ്കില്‍ ഓസീസിന് ജയം ഇത്ര അനായാസമാകില്ലായിരുന്നുവെന്നും എട്ട് വിക്കറ്റെങ്കിലും നഷ്ടമായേനെ എന്നും ഹര്‍ഭജന്‍ തുറന്നടിച്ചു. എത്ര ഓവറുകള്‍ ബുംറ എറിയണമെന്നതില്‍ ഒരു ധാരണയും ഉണ്ടായിരുന്നില്ല, പുറത്തിന് പരുക്കേറ്റതാണ് അനന്തരഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഡ്നിയിലെ ടീം സെലക്ഷന്‍ പരാജയമായിരുന്നുവെന്നും ഹര്‍ഭജന്‍ ആരോപിക്കുന്നു. 'രണ്ട് സ്പിന്നര്‍മാരാണ് സിഡ്നിയില്‍ ഇറങ്ങിയത്. പച്ച പാച്ചുകള്‍ കണ്ടതല്ലേ? ആ പിച്ചില്‍ എന്ത് ചെയ്യാമെന്നാണ് കരുതിയത്? ഇത്രയധികം ക്രിക്കറ്റ് കളിച്ചിട്ടും, കണ്ടിട്ടും ഈ ചെറിയ കാര്യം പോലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലേ?ടെസ്റ്റ് ക്രിക്കറ്റിനാണ് ടീം സെലക്ട് ചെയ്യേണ്ടത്, അല്ലാതെ ടെസ്റ്റ് പരമ്പരയ്ക്കിടെ ട്വന്‍റി20ക്കല്ലെന്നും ഹര്‍ഭജന്‍ പറയുന്നു.
150 ഓവറുകളോളമാണ് പരമ്പരയില്‍ ബുംറ എറിഞ്ഞത്. 32 വിക്കറ്റുകളും താരം സ്വന്തമാക്കി. സിഡ്നിയിലെ രണ്ടാം ദിവസമൊഴികെ എന്നും ബാറ്റുമായോ ബോളുമായോ ബുംറ ക്രീസിലെത്തി. ഒടുവില്‍ പുറത്തെ പേശീവലിവ് കാരണം താരം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ബുംറയ്ക്കേറ്റ പരുക്ക് സംബന്ധിച്ച് ബിസിസിഐ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏത് ഗ്രേഡിലെ പരുക്കാണെന്നതിനെ ആശ്രയിച്ചാകും ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20, ഏകദിന പരമ്പരയിലും തുടര്‍ന്ന് നടക്കേണ്ട ചാംപ്യന്‍സ് ട്രോഫിയും ബുംറ കളിക്കുമോ എന്നത് വ്യക്തമാകുക.