ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെ പേശീവലിവിനെ തുടര്‍ന്ന് രണ്ടാം ദിവസം കളിക്കാനിറങ്ങാതിരുന്ന ബുംറയ്ക്ക് സാരമായ പരുക്കെന്ന് സൂചന. പരുക്കിനെ തുടര്‍ന്ന് താരത്തിന് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായേക്കും. ബുംറയുടെ പരുക്ക് എത്രത്തോളമുള്ളതാണെന്നതിനെ സംബന്ധിച്ച് ബിസിസിഐ ഇതുവരെക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിഡ്നിയില്‍ മല്‍സരം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാം ദിവസം അടിയന്തരമായി ബുംറ ആശുപത്രിയിലെത്തിയത്. സ്കാനിങിന് ശേഷം തിരികെ എത്തി ബാറ്റ് ചെയ്തെങ്കിലും രണ്ടാം ഇന്നിങ്സില്‍ ബോള്‍ ചെയ്തില്ല.
പരമ്പരയില്‍ 150 ഓവറുകളോളം എറിഞ്ഞ ബുംറ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബുംറയ്ക്ക് പുറംവേദനയുള്ളതായി പ്രസിദ്ധ് കൃഷ്ണയും വെളിപ്പെടുത്തിയിരുന്നു. ഷമിയുടെ അഭാവവും മറ്റ് ബോളര്‍മാര്‍ ഫോമിലേക്ക് ഉയരാതിരുന്നതും ബുംറയ്ക്ക് അധിക സമ്മര്‍ദം നല്‍കിയെന്നും ഇതാണ് പരുക്കിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുംറയുടെ പരുക്ക് ഏത് വിഭാഗത്തില്‍ വരുന്നതാണെന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേഡ് ഒന്നില്‍ വരുന്ന പരുക്കാണ് ബുംറയ്ക്കെങ്കില്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ വിശ്രമം വേണ്ടി വരും. ഗ്രേഡ് രണ്ടില്‍ വരുന്ന പരുക്കാണെങ്കില്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നും ഗ്രേഡ് മൂന്നാണെങ്കില്‍ പരുക്ക് ഗുരുതരമാമെന്നും മൂന്ന് മാസം വരെ വിശ്രമം ആവശ്യമാണെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, ചാംപ്യന്‍സ് ട്രോഫിക്ക് പൂര്‍ണ ക്ഷമതയുള്ള ബുംറയെ ആണ് ആവശ്യമെന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരുക്കില്ലെങ്കിലും വിശ്രമം അനുവദിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി ആറിന് ഇന്ത്യയില്‍ വച്ചാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തുടക്കമാവുക.ബുംറയ്ക്ക് പുറമെ മറ്റ് സീനിയര്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. അഞ്ച് ട്വന്‍റി 20 മല്‍സരങ്ങളും ഏകദിന പരമ്പരയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഗ്രേഡ് രണ്ടിലുള്ള പരുക്കാണ് ബുംറയ്ക്കെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകും.