ശുഭ്മന്‍ ഗില്‍ ഊതിവീര്‍പ്പിക്കപ്പെട്ട താരമാണെന്നും ഗില്ലിനെ അനാവശ്യമായി സെലക്ടര്‍മാര്‍ സംരക്ഷിക്കുകയാണെന്നും തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ താരം കെ. ശ്രീകാന്ത്. നന്നായി കളിക്കുന്ന, അര്‍ഹതയുള്ളവരെ സെലക്ഷന്‍ കമ്മിറ്റി തഴയുകയാണെന്നും അവര്‍ക്ക് അവസരം നല്‍കി ടീമിനെ തന്നെ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. 31,28,1,20,13 എന്നിങ്ങനെയായിരുന്നു ഓസീസ് പര്യടനത്തിലെ ഗില്ലിന്‍റെ സ്കോര്‍.
'ശുഭ്മന്‍ ഗില്‍ ഓവര്‍ റേറ്റഡായ കളിക്കാരനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ പറഞ്ഞിട്ടുമുണ്ട്. പക്ഷേ ആരും കേട്ടില്ല. മോശം പ്രകടനത്തിനിടയിലും ഗില്ലിന് ഇത്രയധികം അവസരങ്ങള്‍ കിട്ടുമ്പോള്‍ സൂര്യകുമാര്‍ യാദവിനെ പോലെ മികച്ച താരങ്ങള്‍ പുറത്താണ്– ശ്രീകാന്ത് പറയുന്നു.
സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍ എന്നിവരിലേക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ പോകേണ്ടതുണ്ട്. ഗില്‍ ഫോം കണ്ടെത്താന്‍ ഉഴറുമ്പോള്‍ ഇവര്‍ മൂന്ന് പേരും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റില്‍ സൂര്യയ്ക്ക് അത്ര നല്ല തുടക്കമല്ല. പക്ഷേ കഴിവും സാങ്കേതികത്തികവും സൂര്യകുമാറിനുണ്ട്. പക്ഷേ സെലക്ടര്‍മാര്‍ ഏകദിനത്തിലേക്ക് മാത്രമാണ് അദ്ദേഹത്തെ പരിഹണിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഋതുരാജ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പക്ഷേ സെലക്ടര്‍മാര്‍ കണ്ടഭാവം നടിക്കുന്നില്ല. സായി സുദര്‍ശനോടും ഇതേ മനോഭാവമാണ്. ഇവരെയൊക്കെയാണ് പ്രോല്‍സാഹിപ്പിക്കേണ്ടത്. അതിന് പകരം സ്ഥിരമായി ഗില്ലിനെ മാത്രം തിരഞ്ഞെടുക്കുകയല്ല വേണ്ടതെന്നും അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയെ കുറ്റപ്പെടുത്തി ശ്രീകാന്ത് വിശദീകരിക്കുന്നു.1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ പ്രധാന താരമായിരുന്നു ശ്രീകാന്ത്.
ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ബാറ്റിങില്‍ പതറിപ്പോയ ഇന്ത്യയെയാണ് കണ്ടത്. യശസ്വി ജയ്സ്വാള്‍ അല്ലാതെ ഒരാള്‍പോലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തില്ല. പെര്‍ത്തിലെ വിജയത്തിന് ശേഷം ഒരു ടെസ്റ്റില്‍ പോലും വിജയിക്കാനും ഇന്ത്യന്‍ ടീമിനായതുമില്ല. കടുത്ത വിമര്‍ശനമാണ് രോഹിതും കോലിയുമടക്കമുള്ള മുതിര്‍ന്നതാരങ്ങള്‍ക്കെതിരെ ഉയരുന്നത്. നിതീഷ് കുമാര്‍ റെഡ്ഡി കന്നി സെഞ്ചറിയോടെയും ഓപ്പണറായി കെ.എല്‍.രാഹുലും കൂറ്റനടികളുമായി പന്തും ഇടയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും സ്ഥിരത കൈവരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.