ഫെബ്രുവരിയില്‍ പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫി. ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതിയായി ഐസിസി നിശ്ചയിച്ചിരിക്കുന്നത് ജനുവരി 12 നാണ്. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി കളിച്ച മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. ഇതിനൊപ്പം കെഎല്‍ രാഹുലും, ഋഷഭ് പന്തും ഇന്ത്യന്‍ ടീമിലേക്ക് എത്തും. അങ്ങനെയെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയില്ല.
നിതീഷ് കുമാര്‍ റെഡ്ഡിയെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ടീമിലെത്തിയാല്‍ റെഡ്ഡി പ്ലെയിങ് ഇലവനിലേക്കും എത്തും. അങ്ങനെയങ്കില്‍ ബെഞ്ചിലിരിക്കുക ഋഷഭ് പന്തായിരിക്കും. ഏകദിനത്തില്‍ പന്തിനേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമുള്ള കെഎല്‍ രാഹുലിനാകും വിക്കറ്റ് കീപ്പറായി കളിക്കുക. ഋഷഭ് പന്ത് റിസര്‍വ് കീപ്പറാകും. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ടോപ്പ് ഓഡറിലും മധ്യനിരയിലും സഞ്ജുവിന് ഒഴിവില്ല എന്നതാണ് യാഥാര്‍ഥ്യം.
മറ്റൊരു പ്രശ്നം വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നതാണ്. കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി കളിച്ച സഞ്ജു ഏകദിന പരമ്പരയായ വിജയ്‍ഹസാരെ ട്രോഫിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എല്ലാ ഇന്ത്യന്‍ താരങ്ങളും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ബന്ധം പിടിക്കുന്ന സമയത്ത് ഏകദിന മത്സരം കളിക്കാത്തത് സഞ്ജുവിന് തിരിച്ചടിയാവും.
ഏകദിനത്തിൽ സഞ്ജുവിന്‍റെ ഫോം ഇതുവരെ മികച്ചതാണ്. തന്റെ അവസാന ഏകദിന മത്സരത്തില്‍ സെഞ്ചറി നേടിയ സഞ്ജുവിന്‍റെ കഴിഞ്ഞ രണ്ടു വർഷത്തെ ശരാശരി 45 ആണ്. ആകെ 16 മത്സരങ്ങള്‍ കളിച്ച സഞ്ജുവിന് ഒരു സെഞ്ചറിയും അർധ സെഞ്ചറിയും അടക്കം 56.66 ആണ് ശരാശരി. എന്നാൽ പ്ലെയിങ് ഇലവനിലെത്താന്‍ ഇത് പര്യാപ്തമല്ല.
അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ട്വന്‍റി 20 ടീമില്‍ സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ട്വന്‍റി 20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്നതാണ് സീരിസ്. ട്വന്‍റി 20 ജനുവരി 22 ന് ആരംഭിക്കും. 2024 ല്‍ ഇന്ത്യയ്ക്കായി ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് സഞ്ജു. 12 മത്സരങ്ങളില്‍ നിന്ന് 436 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും സഹിതമാണ് സഞ്ജുവിന്‍റെ സ്കോറിങ്. 111 ആണ് ഉയര്‍ന്ന സ്കോര്‍. 180 തിന് മുകളില്‍ സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്.