ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആരോപണങ്ങള്‍ തള്ളി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍, ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ ത്രിരാഷ്ട്ര പരമ്പര മുള്‍ട്ടാനില്‍ നിന്ന് കറാച്ചിയിലേക്കും ലഹോറിലേക്കും മാറ്റി.
ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്റെയും കറാച്ചിയിലെ നാഷ്ണല്‍ ബാങ്ക് സ്റ്റേഡിയത്തിന്റെയും പുനര്‍നിര്‍മാണം അന്തിമഘട്ടത്തിലെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇത് സാധൂകരിക്കാനാണ് ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലന്‍ഡിനും എതിരായ ഏകദിന പരമ്പരകള്‍ ഈ രണ്ട് സ്റ്റേഡിയങ്ങളിലേക്ക് മാറ്റിയത്. ഗ്രൂപ്പ് ഘട്ടത്തിലെ 12 മല്‍സരങ്ങളില്‍ ആറിനും വേദിയാകുന്നത് കറാച്ചിയും ലഹോറുമാണ്. സ്റ്റേഡിയം നിര്‍മാണം എങ്ങുമെത്തിയില്ലെന്നും മുഴുവന്‍ മല്‍സരങ്ങളും യുഎഇയിലേക്ക് മാറ്റുന്നകാര്യം ഐസിസി പരിഗണിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ത്രിരാഷ്ട്ര പരമ്പരയുടെ വേദിമാറ്റിയതിലൂടെ പാക്കിസ്ഥാന്റെ ആത്മവിശ്വാസമാണ് കാണുന്നതെന്ന് പിസിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 35,000 സീറ്റുകളാണ് പുതുക്കിയ ഗദ്ദാഫി സ്റ്റേഡിയത്തിലുണ്ടാവുക. ജനുവരി അവസാനവാരം സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 8 മുതല്‍ 14 വരെയാണ് പരമ്പര. 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍