സഞ്ജു സാംസണ്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ? കെ.എല്‍.രാഹുലിനെ ഒഴിവാക്കിയാല്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് അവസരം കാത്തിരിക്കുന്നത്. എന്നാല്‍ പ്രാദേശിക ടൂര്‍ണമെന്റുകളിലെ പ്രകടനം കൂടി പരിഗണിച്ചാകും ടീം പ്രഖ്യാപനം. കേരളത്തിനായി സഞ്ജു കളത്തിലിറങ്ങിയിട്ടില്ലെന്നത് മൈനസ് മാര്‍ക്കാണ്.
ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളില്‍ നിരാശപ്പെടുത്തുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. നാല് ഇന്നിങ്സില്‍ നിന്ന് നേടിയത് 108 റണ്‍സ്. മുന്‍നിരയില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണമെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ യശസ്വി ജയസ്വാള്‍ ഏകദിന ടീമിലേക്കും എത്തും. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിന് അവസരം നല്‍കിയാല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിന് പുറത്താകും. വിക്കറ്റ് കീപ്പര്‍ രാഹുലിന് ടീമില്‍ ഇടംപിടിക്കാനായില്ലെങ്കില്‍ ബാറ്റിങ് മികവുകൊണ്ട് മാത്രം പിടിച്ചുനില്‍ക്കാനാകില്ല. വിജയ് ഹസാരെ ടൂര്‍ണമെന്റിലെ പ്രകടനം കൂടി കണക്കാക്കിയാകും ടീം പ്രഖ്യാപനം.
രാഹുലില്ലെങ്കില്‍ രണ്ടാം വിക്കറ്റ് കീപ്പറാകാന്‍ കാത്തിരിക്കുന്നത് ഇഷാന്‍ കിഷനും സഞ്ജു സാംസണും. ഇഷാന്‍ പ്രാദേശിക ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തിയപ്പോള്‍ കേരളത്തിനായി സഞ്ജു കളിച്ചിട്ടേ ഇല്ല. വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാതിരുന്നതിനാലാണ് കേരള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത്. ടീമിന്റെ ഭാഗമാകാന്‍ സഞ്ജു സന്നദ്ധത അറിയിച്ചെങ്കിലും കെസിഎ പരിഗണിച്ചില്ല. ശനിയാഴ്ച അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും. ഞായറാഴ്ച്ചയാണ് ടീം പ്രഖ്യാപിക്കാനുള്ള അവസാനദിവസം.