ചാംപ്യന്‍സ് ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി വിശ്രമം ആവശ്യപ്പെട്ടുള്ള കെ.എല്‍.രാഹുലിന്‍റെ അഭ്യര്‍ഥന ബിസിസിഐ തള്ളിയെന്ന് സൂചന. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ താരത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജനുവരി 22ന് കൊല്‍ക്കത്തയില്‍ അഞ്ച് മല്‍സരങ്ങളുടെ ട്വന്‍റി20 പരമ്പരയ്ക്ക് പിന്നാലെയാണ് ഏകദിന പരമ്പര.
ഇന്ത്യയ്ക്ക് ഏറെ നിരാശ സമ്മാനിച്ച ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയില്‍ അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തവരില്‍ രാഹുലുമുണ്ടെന്നതാണ് വിശ്രമം ആവശ്യപ്പെട്ടിട്ടും ടീമില്‍ ചേരാന്‍ നിര്‍ദേശിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരില്‍ മൂന്നാമതാണ് രാഹുലിന്‍റെ സ്ഥാനം. പത്ത് ഇന്നിങ്സുകളില്‍ നിന്നായി 276 റണ്‍സാണ് താരം നേടിയത്.
വിശ്രമം അനുവദിക്കണമെന്ന രാഹുലിന്‍റെ ആവശ്യം ആദ്യം സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ചിരുന്നുവെങ്കിലും ടീമിന്‍റെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് പിന്‍വലിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഏകദിനത്തില്‍ മധ്യനിരയിലും വിക്കറ്റ് കീപ്പറായും ഉപയോഗിക്കാന്‍ കഴിയുന്ന രാഹുലിന് വിശ്രമം അനുവദിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗണ്ട് പരമ്പരയില്‍ രാഹുലുണ്ടായാല്‍ അത് പ്രയോജനപ്പെടുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തലെന്ന് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി ആറിനാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചാകും ചാംപ്യന്‍സ് ട്രോഫിയിലെ കോമ്പിനേഷനുകളും തീരുമാനിക്കപ്പെടുക. ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫിക്ക് തുടക്കമാകുക.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ബിസിസിഐ രാഹുലിന് തന്നെയാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഈ നീക്കം തെളിയിക്കുന്നത്. ഋഷഭ് പന്തും സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പറായും ബാറ്ററായും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ളവര്‍.രാഹുലിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു ടീമിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ രാഹുല്‍ ടീമില്‍ ഇടം ഉറപ്പിച്ചതോടെ സഞ്ജു സാംസന്‍റെ കാത്തിരിപ്പ് ഇനിയും നീണ്ടേക്കും. 2023 ലോകകപ്പിലെ പ്രകടനമാണ് രാഹുലിന് തുണയായത്. ഓഗസ്റ്റ് ഏഴിന് ശേഷം ഇന്ത്യ ഒരു ഏകദിനം പോലും ഇതുവരെ കളിച്ചിട്ടില്ലെന്നതും സെലക്ടര്‍മാര്‍ പരിഗണിച്ചു. ഇതോടെ രാഹുലിന്‍റെ പരിചയ സമ്പത്ത് പ്രയോജനപ്പെടുത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
അതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ കളിക്കാന്‍ തയ്യാറാവണമെന്നും രഞ്ജിയില്‍ കളിക്കാന്‍ വിസമ്മതിക്കുന്നവര്‍ ടീമിലുണ്ടാവില്ലെന്നുമുള്ള മുന്നറിയിപ്പ് കോച്ച് ഗംഭീര്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ചാണെങ്കില്‍ രാഹുല്‍ കര്‍ണാടകയ്ക്കായി രഞ്ജിയിലും കളിക്കാനിറങ്ങേണ്ടി വരും. ഇതിന് താരം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.