ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ടീമില്‍ ആരൊക്കെയുണ്ടാകുമെന്നതില്‍ ആകാംക്ഷയേറുന്നു. പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന മല്‍സരങ്ങള്‍ക്കായുള്ള ടീമിന്‍റെ പ്രാഥമിക പട്ടിക പോലും ബിസിസിഐ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുംറ പരുക്ക് ഭേദമായി എത്തുമോയെന്നും ഷമി ടീമില്‍ ഇടംപിടിക്കുമോയെന്നും ആരാധകര്‍ ആശങ്കപ്പെടുന്നതിനിടെയാണ് രവീന്ദ്ര ജഡേജ ടീമിന് പുറത്തായേക്കുമെന്ന് ചില വിലയിരുത്തലുകള്‍ പുറത്തുവരുന്നത്.
സ്പിന്നര്‍മാരുടെ ആധിക്യമാണ് ജഡേജയെ പുറത്തിരുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നെതന്ന് മുന്‍ താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നു. കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്,വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ജഡേജയ്ക്ക് പുറമെ പരിഗണനയിലുള്ള സ്പിന്നര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തിക്ക് നറുക്ക് വീഴാനാണ് സാധ്യതയെന്നും മികച്ച പ്രകടനമാണ് ഏകദിനത്തില്‍ വരുണ്‍ പുറത്തെടുക്കുന്നതെന്നും ആകാശ് ചോപ്ര പറയുന്നു. അങ്ങനെയെങ്കില്‍ ജഡേജ പുറത്തിരിക്കേണ്ടി വരും.
'സ്ഥിരതയാര്‍ന്ന പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തിയുടേത്. വിജയ് ഹസാരെ ട്രോഫിയിലും വരുണ്‍ നന്നായി കളിച്ചു. രാജസ്ഥാനെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടം ശ്രദ്ധേയമായി. ട്വന്‍റി20യിലും വരുണ്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ടെ'ന്നും ആകാശ് ചോപ്ര യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഫിറ്റ്നസില്ലായ്മയാണ് കുല്‍ദീപ് യാദവിനെ അലട്ടുന്ന പ്രശ്നം. വരുണ്‍ ചക്രവര്‍ത്തിക്ക് പ്രഥമ പരിഗണന നല്‍കുകയും അക്സര്‍ പട്ടേല്‍ രണ്ടാം സ്പിന്നറായി ടീമിലിടം കണ്ടെത്തുകയും ചെയ്തേക്കാം. മൂന്നാമനായുള്ള പരിഗണനയില്‍ മാത്രമേ കുല്‍ദീപും ജഡേജയും ബിഷ്ണോയിയും വരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.