ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനായി കാത്തിരിപ്പിലാണ് ആരാധകര്‍. പാക്കിസ്ഥാനില്‍ ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ യുഎഇയിലാണ് നടക്കുക. ഫെബ്രുവരി 23 നാണ് ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടം. ആരൊക്കെ ഇന്ത്യയ്ക്കായി യുഎഇയിലേക്ക് പറക്കുമെന്നറിയാന്‍ ജനുവരി 19 വരെ കാത്തിരിക്കണമെന്നാണ് സൂചന. അതേസമയം മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും പേസര്‍ ഇര്‍ഫാന്‍ പത്താനും തങ്ങളുടെ പ്രവചനം നടത്തിയിട്ടുണ്ട്.
യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവര്‍ അടങ്ങുന്ന ടോപ്പ് ഓർഡര്‍ ചാംപ്യന്‍സ് ട്രോഫി കളിക്കണമെന്നാണ് ഇരുവരുടെയും അഭിപ്രായം. ശുഭ്‌മാൻ ഗില്ലും കെഎല്‍ രാഹുലും ശ്രേയസ് അയ്യരും റിഷഭ് പന്തും ഉള്‍പ്പെടുന്ന 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യൻ ജഴ്‌സിയിൽ സെഞ്ചറി നേടിയ സഞ്ജു സാംസണെ ബാക്ക്-അപ്പ് വിക്കറ്റ് കീപ്പറാകണമെന്ന് ഗവാസ്‌കറിന്‍റെ അഭിപ്രായം.
"നാലാം നമ്പറില്‍ എന്‍റെ ചോയിസ് ശ്രേയസ് അയ്യരായിരിക്കും. തുടര്‍ന്ന് കെ.എല്‍ രാഹുലും ഋഷഭ് പന്തും ബാറ്റ് ചെയ്യും. ഇന്ത്യക്കായി സെഞ്ചറികള്‍ നേടിയ സഞ്ജു സാംസണും ടീമിലുണ്ടാകണം എന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് ഷോയില്‍ ഗവാസ്കര്‍ പറഞ്ഞത്.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരെയാണ് പത്താന്‍ സ്പിന്നര്‍മാരായി പരിഗണിക്കുന്നത്. മൂന്നാം പേസറായി മുഹമ്മദ് സിറാജിനെയാണ് പത്താന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടീം– രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി