ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് എന്‍ട്രിയാകുമോ ബെംഗളൂരു മലയാളിയായ കരുണ്‍ നായര്‍? 2016ല്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ശേഷം ദേശീയ ടീമില്‍ നിന്ന് അപ്രത്യക്ഷനായ കരുണ്‍, വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ചുറിയുമായി അവിശ്വസനീയ റണ്‍വേട്ടയാണ് നടത്തുന്നത്.
2016ലെ ഇന്ത്യ – ഇംഗ്ലണ്ട് ചെപ്പോക്ക് ടെസ്റ്റ്.. വിരേന്ദര്‍ സേവാഗിന് ശേഷം ഒരു ഇന്ത്യന്‍ ബാറ്റര്‍ 300 റണ്‍സ് തൊട്ടമല്‍സരം. ബെംഗളൂരു മലയാളിയായ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചെന്ന് വിശ്വസിച്ച ഇന്നിങ്സ്. എന്നാല്‍ ഉയര്‍ച്ചപോലെ കരുണിന്റെ വീഴ്ച്ചയും അതിവേഗമായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും വൈകാതെ കര്‍ണാടക രഞ്ജി ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു.
കൈവിട്ടുപോകുമായിരുന്ന കരിയര്‍ തിരിച്ചുപിടിക്കാന്‍ കരുണ്‍നായര്‍ പോയത് ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലേക്ക്. നോര്‍ത്താംപ്റ്റന്‍ഷയറിനായി കളിച്ച് ആത്മവിശ്വാസവും ഫോമും തിരിച്ചുപിടിച്ചു. 11 മല്‍സരങ്ങളില്‍ നിന്ന് 487 റണ്‍സ്. കര്‍ണാടക ഉപേക്ഷിച്ച കരുണ്‍ മലയാളി താരം എബി കുരുവിളയുടെ സഹായത്തോടെ മഹാരാഷ്ട്രയിലെ വിദര്‍ഭ ടീമിലെത്തി.
കഴിഞ്ഞ രഞ്ജി സീസണില്‍ വിദര്‍ഭയ്ക്കായി നേടിയത് 690 റണ്‍സ്. വിദര്‍ഭയെ നയിച്ച് ഇറങ്ങിയ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്സുകളില്‍ നാലിലും സെഞ്ചുറി. എട്ട് മല്‍സരങ്ങളില്‍ 637 റണ്‍സാണ് 33കാരന്‍ കരുണ്‍ വിജയ് ഇതുവരെ നേടിയത്. 542 റണ്‍സും നേടിയ് പുറത്താകാതെ.
കഴിഞ്ഞ സീസണില്‍ ഐപിഎലില്‍ ആര്‍ക്കും വേണ്ടാതിരുന്ന കരുണിനെ ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. പണ്ടൊരിക്കല്‍ കരുണ്‍ കുറിച്ച ട്വീറ്റ് പോലെ ക്രിക്കറ്റില്‍ രണ്ടാം അവസരം തേടിയെത്തിയിരിക്കുന്നു. നിലവിലെ ഫോമില്‍ കരുണ്‍ നായര്‍ ചാംപ്യന്‍സ് ട്രോഫിയിലേക്കോ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്കോ ഇടം അര്‍ഹിക്കുന്നു.