കാത്തിരിപ്പിനൊടുവില്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് നായകനായ ടീമില്‍ മുഹമ്മദ് ഷമിയും പരുക്കേറ്റ് വിശ്രമത്തിലുള്ള ബുംറയും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരത്തിന്‍റെ ഫിറ്റ്നസ് അനുസരിച്ച് മാത്രമേ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളൂ.
ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റിനിടെ കടുത്ത പുറംവേദന ബുംറയ്ക്ക് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അടിയന്തര സ്കാനിങിന് വിധേയനാവുകയും വിശ്രമം നിര്‍ദേശിക്കുകയുമായിരുന്നു. ബുംറയുടെ ഫിറ്റ്നസ് സംബന്ധിച്ച് ഫെബ്രുവരി ആദ്യവാരത്തോടെ മാത്രമേ കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂവെന്നാണ് ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും വ്യക്തമാക്കിയത്. അതുവരെ കാത്തിരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ബുംറയെ കൂടി ഉള്‍പ്പെടുത്തി ടീമിനെ പ്രഖ്യാപിച്ചതെന്ന സൂചനകളാണ് ബിസിസിഐ നല്‍കുന്നത്.
അഞ്ചാഴ്ചത്തെ വിശ്രമമാണ് നിലവില്‍ താരത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ബുംറ കളിക്കില്ല. ഫെബ്രുവരി ആദ്യവാരം മെഡിക്കല്‍ ടീമുമായി ആലോചിച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമേ ബുംറയുടെ ഫിറ്റ്നസില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശുഭ്മന്‍ ഗില്ലാണ് ഇംഗ്ലണ്ടിനെതിരായ ഏകദിനങ്ങളിലും ചാംപ്യന്‍സ് ട്രോഫിയിലും വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയും ടീമിലുണ്ട്. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിട്ടുമുണ്ട്.
ചാംപ്യന്‍സ്ട്രോഫിയില്‍ എ ഗ്രൂപ്പിലാണ് ഇന്ത്യ. പാക്കിസ്ഥാനില്‍ പോയി കളിക്കാന്‍ അനുവാദമില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാകും നടക്കുക. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഫെബ്രുവരി 23ന് പാക്കിസ്ഥാനെതിരെയും മാര്‍ച്ച് രണ്ടിന് ന്യൂസീലാന്‍ഡിനെതിരെയും മല്‍സരങ്ങളുണ്ട്.