ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയോടെ മുംബൈയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ടീമിനെ പ്രഖ്യാപിക്കുക. അതേസമയം ടീമിലെ മലയാളി സാന്നിധ്യമാണ് അവസാന മണിക്കൂറിലെയും ചര്‍ച്ച.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷകള്‍. സഞ്ജുവിന് മുന്‍ താരങ്ങള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത സഞ്ജുവിനെ ബിസിസിഐ പരിഗണിക്കില്ലെന്നാണ് സൂചന. വിജയ് ഹസാരെ കളിക്കാത്തത് സംബന്ധിച്ച് ബിസിസിഐ സഞ്ജുവിനെതിരെ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
തന്‍റെ വ്യക്തിപരമായ ടീമില്‍ സഞ്ജു ഉള്‍പ്പെടുമെന്നും എന്നാല്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും ചിന്തിക്കുന്നത് വ്യത്യസ്തമായാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
'സഞ്ജുവിന് അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണാം, എന്നാല്‍ ഇത്തവണ പ്രശ്നം വ്യത്യസ്തമാണ്. വിജയ്‍ ഹസാരെ ട്രോഫി കളിച്ചിട്ടില്ല എന്നത് ഒരു പ്രശ്നമായി പറഞ്ഞേക്കാം. കേരള ക്രിക്കറ്റ് അസോസിയേഷനുമായി നടന്ന എന്തോ സംഭവമാണത്. എനിക്ക് അതിനെ പറ്റി കൂടുതലറിയില്ല. അതിനാല്‍ തന്നെ സഞ്ജുവിനെ ടീമിലേക്ക് എടുക്കാനുള്ള സാധ്യത കുറവാണ്', ഹര്‍ഭജന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'എന്താണ് സംഭവിച്ചതെന്ന് ശരിക്കും അന്വേഷിക്കേണ്ടതുണ്ട്. കളിക്കാതിരിക്കാനുള്ള തീരുമാനം സഞ്ജു സ്വയം എടുത്തതായിരുന്നു അതോ മറ്റെന്തെങ്കിലും കൊണ്ട് സംഭവിച്ചതാണോ എന്ന് പരിഗണിച്ചാകണം തീരുമാനം' ഹർഭജൻ പറഞ്ഞു.
മറ്റൊരു മലയാളി താരമായ കരുണ്‍ നായരും ടീമിലുണ്ടാകില്ലെന്നാണ് സൂചന. കരുണ്‍ നായരുടെ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. 'വിജയ് ഹസാരെ ട്രോഫിയിലെ അവിശ്വസനീയ പ്രകടനം കണക്കിലെടുത്താല്‍ കരുണ്‍ നായരെ ചാംപ്യന്‍സ് ട്രോഫി ടീമിലെടുക്കേണ്ടതാണ്. മായങ്ക് അഗര്‍വാളും മിക്ച ഫോമിലാണ്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ടീം ഏകദേശം സെറ്റ് അയതിനാല്‍ ഇനി അതില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്' എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലാണ് കരുണ്‍ നായര്‍. വിദര്‍ഭയ്ക്കായി കളിക്കുന്ന താരം സെമി ഫൈനലില്‍ മഹാരാഷ്ട്രയ്ക്ക് എതിരെ 44 പന്തുകളിൽനിന്ന് 88 റൺസാണ് അടിച്ചെടുത്തത്. ഇതുവരെ അഞ്ച് സെഞ്ചറികളും താരം നേടി. ഫൈനലിലെത്തിയ ടീം ശനിയാഴ്ച കർണാടകയെ നേരിടും.