ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നീളുകയാണ്. ഫെബ്രുവരി 19ന് പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫിക്ക് തുടക്കമാവുക. ടീമിനെ പ്രഖ്യാപിക്കാനുള്ള തീയതി ജനുവരി 12ന് അവസാനിച്ചിരുന്നുവെങ്കിലും ബിസിസിഐ ഒരാഴ്ച കൂടി സാവകാശം തേടുകയായിരുന്നു. ടീമിനെ ബിസിസിഐ പ്രാഖ്യാപിക്കാനിരിക്കെ താന്‍ തിരഞ്ഞെടുക്കുന്ന പ്ലേയിങ് ഇലവനെ കുറിച്ച് ഹര്‍ഭജന്‍ സിങ് തുറന്ന് പറയുന്നു. വിക്കറ്റ് കീപ്പറായി തന്‍റെ പ്രഥമ പരിഗണന സഞ്ജുവിനാണെന്ന് യൂട്യൂബ് ചാനലായ സ്വിച്ചില്‍ താരം വ്യക്തമാക്കി. 'സഞ്ജുവിനെയാകും ഞാന്‍ തിരഞ്ഞെടുക്കുക. എന്‍റെ ഒന്നാമത്തെ ചോയിസ് അതാണ്'- എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
ആരെ വിക്കറ്റ് കീപ്പറാക്കുമെന്നത് സെലക്ടര്‍മാര്‍ക്ക് തലവേദനയാണെന്ന് മുതിര്‍ന്ന താരങ്ങളും വിലയിരുത്തുന്നു. വാഹനാപകടത്തിന് മുന്‍പ് വരെ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി പന്തിനെ അനായാസം തീരുമാനിച്ചിരുന്നു. പക്ഷേ 2022 മുതല്‍ 2024 വരെ താരം കളിക്കളത്തിന് പുറത്തായിരുന്നു. ഇക്കാലയളവില്‍ വിക്കറ്റിന് പിന്നില്‍ നിരവധി പരീക്ഷണങ്ങളും ഇന്ത്യ നടത്തി. ജീവന്‍ നഷ്ടമായേക്കുമായിരുന്ന അപകടത്തില്‍ നിന്നും അസാധാരണ തിരിച്ചുവരവാണ് പന്ത് നടത്തിയത്.
പന്ത് തിരിച്ചെത്തുന്നതോടെ സഞ്ജു സാംസണ്‍ ടീമിന് പുറത്താകുമോ എന്ന ആശങ്കയും ഉയര്‍ന്നു. എന്നാല്‍ രോഹിത് ട്വന്‍റി20യില്‍ നിന്ന് വിരമിച്ചതോടെ സഞ്ജു ഓപ്പണറായി ഇറങ്ങി. ബംഗ്ലദേശിനെതിെര നേടിയ കരുത്തുറ്റ സെഞ്ചറിയോടെ താരം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ ട്വന്‍റി 20യില്‍ കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചറികളും സഞ്ജു സ്വന്തം പേരില്‍ കുറിച്ചു.
സഞ്ജു ബാക്ക് അപ് വിക്കറ്റ് കീപ്പറാകണമെന്ന അഭിപ്രായം ഗവാസ്കറും ഇര്‍ഫാന്‍ പഠാനും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം യുഎഇയിലാണ് നടക്കുക. ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.