ആരാധകർക്കു സർപ്രൈസ് പാട്ടുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് സഞ്ജു ‘പെഹ്‌ല നഷാ’ എന്ന ഹിന്ദി ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് സഞ്ജുവിന്റെ പാട്ട്. ദേശീയ ടീമിന് പ്രാധാന്യം നൽകിയതിനെത്തുടർന്ന് പ്രാദേശിക മത്സരങ്ങൾ കളിക്കാത്തതിന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ വിവാദങ്ങൾ കനക്കുന്നതിനിടയിലാണ് സഞ്ജുവിന്‍റെ പാട്ട്.
‘എട മോനെ, സഞ്ജു സാംസൺ’ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു പാട്ട് അവസാനിപ്പിക്കുന്നത്. യാതൊന്നും അസാധ്യമല്ലെന്നും താൻ പാട്ട് പാടിയെന്നും അതിശയത്തോടെ സഞ്ജു പ്രതികരിച്ചു. ‘സഞ്ജു ഇവിടെ പാട്ടും പാടി നടക്കുന്നു, കെസിഎ അവിടെ ചക്ര ശ്വാസം വലിക്കുന്നു’, ‘മുത്തേ കേരളത്തിനു വേണ്ടി തന്നെ കളിച്ചേക്കണേടാ കുട്ടാ’ എന്നാണു കമന്‍റില്‍ വരുന്ന പ്രതികരണങ്ങൾ.