കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ട്വന്റി 20 ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു ഏഴു വിക്കറ്റ് ജയം. ജയിക്കാന്‍ 133 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 34 പന്തുകളില്‍ നിന്നും 79 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് വിജയശില്‍പി. എട്ടു സിക്സുകളും അഞ്ചു ഫോറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കു സഞ്ജു സാംസണനും അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. 26 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 20 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്.
അറ്റ്കിൻസൺ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു 22 റണ്‍സാണ് സ്കോര്‍ ചെയ്തത്. 4,4,0,6,4,4 എന്നിങ്ങനെ നാല് ബൗണ്ടറിയും ഒരു സിക്സറുമാണ് ഈ ഓവറില്‍ സഞ്ജു നേടിയത്. ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. അതേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. മിന്നും ഫോമില്‍ കളിച്ച അഭിഷേക് ശര്‍മയാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. തിലക് വര്‍മ 19 റണ്‍സെടുത്തു.
ടോസ് നഷ്ട്ടപ്പെട്ട് ഫീല്‍ഡിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിനു ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. 20 ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റ് വീഴുമ്പോഴും ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ചത് ജോസ് ബട്ട്ലറാണ്. 44 പന്തില്‍ 68 റണ്‍സാണ് ജോസ് ബട്ട്ലര്‍ നേടിയത്.
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ക്യാച്ചിലാണ് ബട്‍ലര്‍ പുറത്താകുന്നത്. രണ്ട് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ബട്‍ലറുടെ ഇന്നിങ്സ്. ആദ്യ ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട അവസാന പന്തു വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടര്‍ന്നു. മൂന്നാം പന്തില്‍ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. അര്‍ഷദീപിന്‍റെ പന്തില്‍ സാള്‍ട്ടന്‍ ഡക്കിന് പുറത്താവുകയായിരുന്നു. അര്‍ഷ്ദീപിന്‍റെ അടുത്ത ഓവറില്‍ ബെന്‍ ഡുക്കറ്റും പുറത്തായി.
അര്‍ഷ്ദീപ്, ഹര്‍ദിക് പാണ്ഡ്യ, അകസര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് നേടി.