ഇന്ത്യ– ഇംഗ്ലണ്ട് ആദ്യ ട്വന്‍റി 20യില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയെ പരീക്ഷിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാരുടേത്. 20 ഓവറില്‍ 132 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.
ആദ്യ ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട അവസാന പന്തു വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടര്‍ന്നു. മൂന്നാം പന്തില്‍ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. അര്‍ഷദീപിന്‍റെ പന്തില്‍ സാള്‍ട്ടന്‍ ഡക്കിന് പുറത്താവുകയായിരുന്നു. അര്‍ഷദീപിന്‍റെ അടുത്ത ഓവറില്‍ ബെന്‍ ഡുക്കറ്റും പുറത്തായി. നാല് റണ്‍സാണ് ഡുക്കറ്റ് നേടിയത്.
എട്ടാം ഓവറില്‍ രണ്ട് വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി നേടിയത്. ഹാരി ബ്രൂക്ക്, ലെയിം ലിവിങ്സ്റ്റണ്‍ എന്നിവരെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. ജേക്കബ് ബെത്തലിന്‍റെ വിക്കറ്റ് ഹര്‍ദിക് പാണ്ഡയയ്ക്കാണ്. അടുത്തടുത്ത ഓവറില്‍ അക്ഷര്‍ പട്ടേല്‍ വിക്കറ്റ് നേടി. ജോമി ഓവേര്‍ടണും ഗസ് അറ്റ്കിൻസണുമാണ് അക്ഷര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചത്.
വിക്കറ്റ് വീഴുമ്പോഴും ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ച ജോസ് ബട്ട്ലറാണ്. 44 പന്തില്‍ 68 റണ്‍സാണ് ജോസ് ബട്ട്ലര്‍ നേടിയത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ക്യാച്ചിലാണ് ബട്‍ലര്‍ പുറത്താകുന്നത്. രണ്ട് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതാണ് ബട്‍ലറുടെ ഇന്നിങ്സ്.
ആര്‍ച്ചറെ ഹര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അവസാന പന്തില്‍ മാര്‍ക്ക് വുഡിനെ സഞ്ജു റണ്ണൗട്ടാക്കുകയായിരുന്നു.
ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിങിന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച താരം ട്വന്‍റി 20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ചഹലിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് അര്‍ഷദീപ് തകര്‍ത്തത്.
61 മത്സരങ്ങളില്‍ നിന്നും 97 വിക്കറ്റാണ് അര്‍ഷദീപ് നേടിയത്. 96 വിക്കറ്റാണ് ചഹലിന്‍റെ പേരിലുള്ളത്. 90 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമര്‍, ഹര്‍ദിക് പാണ്ഡ്യ, 89 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ തൊട്ടുപിന്നില്‍.