ചാംപ്യന്‍സ് ട്രോഫി ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരുവഴിക്ക് നടക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20യില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുകയാണ്. വിമര്‍ശകര്‍ക്ക് സഞ്ജു ബാറ്റുകൊണ്ട് മറുപടി നല്‍കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ. കൊല്‍ക്കത്തയില്‍ സഞ്ജുവിന്‍റെ ബാറ്റ് പ്രതികരിച്ചാല്‍ തകരാന്‍ പോകുന്നത് എംഎസ് ധോണിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും റെക്കോര്‍ഡുകളാണ്.
വിക്കറ്റ് കീപ്പര്‍ ആരെന്നതില്‍ സംശയങ്ങളൊന്നുമില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉറപ്പിക്കുന്നു. രോഹിത് ശര്‍മ ട്വന്‍റി 20യില്‍ നിന്നും വിരമിച്ചതോടെ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറുമാണ് സഞ്ജു. ഇതോടെ സഞ്ജു അഞ്ച് മത്സരങ്ങളിലും ഇന്ത്യന്‍ നിരയിലുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പായി.
സിക്സറുകളുടെ എണ്ണത്തില്‍ സഞ്ജുവിന് വേണമെങ്കില്‍ ഇന്നു തന്നെ എം.എസ് ധോണിയുടെ റെക്കോര്‍ഡ് മറികടക്കാം. ട്വന്‍റി 20 യില്‍ 52 സിക്സുകളാണ് ധോണി ഇതുവരെ നേടിയിട്ടുള്ളത്. 33 ഇന്നിങ്സില്‍ 46 സിക്സര്‍ നേടിയ സഞ്ജു ആറു സിക്സ് കൂടി നേടിയാല്‍ ധോണിയുടെ റെക്കോര്‍ഡ് മറിടക്കും. അഞ്ചു പരമ്പരകളുള്ള മത്സരത്തില്‍ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. സഞ്ജു ധോണിയുടെ റെക്കോര്‍ഡ് മറികടന്നാല്‍ ട്വന്‍റി 20 സിക്സില്‍ അര്‍ധ സെഞ്ചറി നേടുന്ന 10–മത്തെ ഇന്ത്യന്‍ താരമാകും സഞ്ജു.
സഞ്ജുവിന്‍റെ ബാറ്റില്‍ നിന്നും സെഞ്ചറി പിറന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരമെന്ന റെക്കോര്‍ഡിലേക്കുള്ള ദൂരം കുറയും. നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ താരം രോഹിത് ശര്‍മയാണ്. 151 ഇന്നിങ്സില്‍ നിന്ന് അഞ്ച് സെഞ്ചറിയാണ് രോഹിതിനുള്ളത്. രണ്ടാമത് 74 ഇന്നിങ്സില്‍ നിന്നും നാല് സെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവ്. 33 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ചറിയാണ് സഞ്ജുവിനുള്ളത്.
കഴിഞ്ഞ വര്‍ഷം 13 ട്വന്‍റി 20യില്‍ നിന്നും 43.60 ശരാശരിയോടെ 436 റണ്‍സാണ് സഞ്ജു നേടിയത്. 180തിന് മുകളിലാണ് താരത്തിന്‍റെ സ്ട്രൈക്ക്റേറ്റ്. മൂന്ന് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയുമാണ് സഞ്ജുവിന്‍റെ ഇന്നിങ്സിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പരമ്പരയില്‍ 216 റണ്‍സാണ് സഞ്ജു നേടിയത്.