ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റിലും ട്വന്‍റി20യിലും കളി തുടരുമെന്നും സ്മിത്ത് വ്യക്തമാക്കി. ഓസീസിനായി 170 ഏകദിനങ്ങളാണ് സ്മിത്ത് കളിച്ചത്. 5800 റണ്‍സുകളാണ് ഏകദിനത്തില്‍ നിന്ന് സ്മിത്തിന്‍റെ സമ്പാദ്യം. 12 സെഞ്ചറികളും 35 അര്‍ധസെഞ്ചറികളും താരം നേടി.
ക്രിക്കറ്റ് ഓസ്ട്രേലിയയിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് താന്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത സ്മിത്ത് പങ്കുവച്ചത്. 'അതിഗംഭീരമായ യാത്രയായിരുന്നു ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നതെന്നും ഓരോ നിമിഷവും താന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നും സ്മിത്ത് കുറിച്ചു.രണ്ട് ലോകകപ്പുകള്‍ നേടിയ ടീമിലുണ്ടായിരുന്നുവെന്നത് സന്തോഷം പകരുന്ന ഓര്‍മയാണെന്നും താരം പറയുന്നു. 2027ലെ ലോകകപ്പിനായി തയ്യാറെടുക്കുന്നതിന് ഏറ്റവും മികച്ച സമയമാണിത്. അതുകൊണ്ട് തന്നെ പുതിയ ആളുകള്‍ക്കായി മാറിക്കൊടുക്കുന്നതാണ് ഉചിതമെന്ന് കരുതുന്നുവെന്നും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലാണ് തന്‍റെ മുന്നിലുള്ള ലക്ഷ്യമെന്നും സ്മിത്ത് കുറിപ്പില്‍ വിശദീകരിക്കുന്നു.
ഓസീസിന്‍റെ ഏകദിന റണ്‍വേട്ടക്കാരില്‍ 12–ാമനായാണ് സ്മിത്തിന്‍റെ പടിയിറക്കം. 2016 ല്‍ ന്യൂസീലാന്‍ഡിനെതിരെ നേടിയ 164 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ലെഗ്സ്പിന്നിങ് ഓള്‍റൗണ്ടറായി കരിയര്‍ തുടങ്ങിയ സ്മിത്തിന്‍റെ പേരില്‍ 28 വിക്കറ്റുകളും 90 ക്യാച്ചുകളുമുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചതിന് പിന്നാലെയാണ് സ്മിത്ത് ഓസീസ് ക്യാപ്റ്റനായി ചുമതലയേറ്റത്. 64 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചു. 32 ജയവും 28 തോല്‍വിയും, നാല് സമനിലയും. പരുക്കേറ്റ് പാറ്റ് കമ്മിന്‍ ചാംപ്യന്‍സ് ട്രോഫിക്ക് പുറത്തായതോടെ ടീമിനെ നയിക്കാനുള്ള ചുമതല വീണ്ടും സ്മിത്തിലേക്ക് എത്തുകയായിരുന്നു.