ഓസ്ട്രേലിയയെ നാലുവിക്കറ്റിന്  തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍. 265 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കിനിര്‍ത്തി അനായാസം മറികടന്നു. വിരാട് കോലി 84 റണ്‍സും മുഹമ്മദ് ഷമി മൂന്നുവിക്കറ്റും വീഴ്ത്തി. ശിഖര്‍ ധവാനെ മറികടന്ന് ചാംപ്യന്‍സ് ട്രോഫിയിലെ റണ്‍നേട്ടത്തില്‍ കോലി ഒന്നാമതെത്തി. നാളത്തെ ദക്ഷിണാഫ്രിക്ക – ന്യൂസീലന്‍ഡ് മല്‍സരവിജയികള്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികളാകും

ചേസ് ചെയ്യുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ കോലിയുണ്ടെങ്കില്‍ ജയിച്ചിരിക്കുമെന്ന വിശ്വാസം ഇക്കുറിയും തെറ്റിയില്ല. 43 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ കോലി വിജയത്തിന് 44 റണ്‍സ് അടുത്തെത്തിച്ചാണ് മടങ്ങിയത്. കോലി –ശ്രേയസ് കൂട്ടുകെട്ട് അര്‍ധസെഞ്ചുറി കൂട്ടുക്കെട്ട് ഇന്ത്യയെ 134 റണ്‍സിലെത്തിച്ചു.  ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിക്ക് 16 റണ്‍സ് അകലെ കോലിയെ പുറത്താക്കിയത്  ആഡം സാംബ 

ഇടവേളകളില്‍ ഓസ്ട്രേലിയ വിക്കറ്റ് വീഴ്ത്തിയെങ്കിലും  റണ്‍റേറ്റില്‍ പിന്നിലാകാതെ ഇന്ത്യ മുന്നേറി. 11 പന്ത് ബാക്കിനിര്‍ത്തി ഇന്ത്യ  കെഎല്‍ രാഹുലിന്റെ സിക്സര്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചു. ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഓസീസിന്റെ അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ കൂപ്പര്‍ കൊണോലീ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പേടിസ്വപ്നമായ ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി 39 റണ്‍സില്‍ പുറത്താക്കി

മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളൊരുക്കിയ സ്റ്റീവ് സ്മിത്ത്  73 റണ്‍സില്‍ നില്‍ക്കെ മുഹമ്മദ് ഷമി പുറത്താക്കി. 61 റണ്‍സെടുത്ത അലക്സ് ക്യാരി 48ാം ഓവറില്‍ ശ്രേയസിന്റെ ഡയറക്റ്റ് ത്രോയില്‍ റണ്ണൗട്ടായത് ഓസീസിന് തിരിച്ചടിയായി. പത്താമന്‍ ആഡം സാംബ പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 264 റണ്‍സ്. മൂന്നുവിക്കറ്റ് വീഴ്ത്തിയ ഷമി ടൂര്‍ണമെന്റിലെ വിക്കറ്റ് നേട്ടത്തില്‍ ഒന്നാമതെത്തി.