വിരാട് കോലി മുന്നില്‍ നിന്നും നയിച്ചു. കരുത്തായി ശ്രേയസ് അയ്യരും കെഎല്‍ രാഹുലും പാണ്ഡ്യയും. നോക്കൗട്ടില്‍ 14 വര്‍ഷം നീണ്ട ഓസീസ് പേടിക്കാണ് ഇതോടെ വിരാമമായത്. ഓസീസിന്‍റെ 265 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍കെയാണ് ഇന്ത്യ മറികടന്നത്.
ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ ആധിപത്യം എന്ന വര്‍ഷങ്ങളായുള്ള ആശങ്കയാണ് ഇന്ത്യ ദുബായില്‍ അവസാനിപ്പിച്ചത്. ഇതിന് മുന്‍പ് 2011 ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ഇതിന് ശേഷം മൂന്ന് നോക്കൗട്ട് മത്സരങ്ങളിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് മുന്നേറിയത്.
2015 ലെ ഏകദിന ലോകകപ്പ് സെമി, 2023 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവ. ഈ മൂന്‍തൂക്കമാണ് ചാംപ്യന്‍സ് ട്രോഫി സെമി വിജയത്തോടെ ഇന്ത്യ അവസാനിപ്പിച്ചത്. ഇതോടെ ഐസിസി ടൂര്‍ണമെന്‍റിലെ നോക്കൗട്ട് വിജയങ്ങളില്‍ തുല്യശക്തികളായി ഇന്ത്യയും ഓസ്ട്രേലിയയും മാറി. ഇരു ടീമുകള്‍ക്കും നാല് വിജയങ്ങള്‍.
1998 ചാംപ്യന്‍സ് ട്രോഫിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ 44 റണ്‍സിന് വിജയിച്ചു. 2003 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ 125 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്.
* 2007 ലെ ട്വന്‍റി 20 ലോകകപ്പ്– ഇന്ത്യയുടെ ജയം 15 റണ്‍സിന്
* 2011 ഏകദിന ലോകകപ്പ്– അഞ്ച് വിക്കറ്റിന് ഇന്ത്യ ജയിച്ചു
* 2015 ഏകദിന ലോകകപ്പ്– ഓസ്ട്രേലിയ ജയിച്ചത് 95 റണ്‍സിന്
* 2023 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്– ഓസീസ് ജയം 209 റണ്‍സിന്
* 2025 ചാംപ്യന്‍സ് ട്രോഫി– ഇന്ത്യ ജയിച്ചത് 4 വിക്കറ്റിന്
ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ വിരാട് കോലിയുടെ ബാറ്റിങാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. സെഞ്ചറിയിലേക്ക് നീങ്ങുകയായിരുന്ന കോലി 84 റണ്‍സില്‍ പുറത്തായെങ്കിലും ഇന്ത്യയുടെ വിജയത്തിന്‍റെ അടിത്തറ പാകിയിരുന്നു. ഈ ഇന്നിങ്സോടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോററായി കോലി മാറി. ഇതിനൊപ്പം ഏകദിനത്തിലെ റണ്‍ ചെയിസില്‍ 8000 റണ്‍സ് എന്നൊരു നാഴികകല്ലും കോലി പിന്നിട്ടു. 701 റണ്‍സ് നേടിയ ശിഖര്‍ ധവാനെയാണ് കോലി മറികടന്നത്.
രണ്ടാമത് ബാറ്റ് ചെയ്ത 159 ഇന്നിങിസില്‍ നിന്നാണ് കോലി 8,000 റണ്‍സ് നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഏകദിന റണ്‍ ചെയ്സില്‍ 8,000 റണ്‍സ് നേടുന്ന താരമാണ് കോലി. 232 ഇന്നിങ്സില്‍ നിന്ന് 8,720 റണ്‍സാണ് സച്ചിനുള്ളത്. കോലിയുടെ 51 ഏകദിന സെഞ്ചറികളില്‍ 28 എണ്ണവും റണ്‍ ചേസില്‍ നേടിയതാണ്. സച്ചിന് 17 ന് സെഞ്ചറികളാണുള്ളത്.